ഡോഡോ എന്ന പക്ഷിയെ കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. മൗറീഷ്യസിലുണ്ടായിരുന്ന ഈ പക്ഷി വംശനാശം വന്നു പൂർണമായും നശിച്ച പക്ഷികളിലൊന്നാണ്. വംശനാശത്തിന്റെ പ്രതീകം എന്നു പറയാവുന്ന പക്ഷികളിലൊന്ന്. ഇതുപോലെ തന്നെ ഒരു ജീവിയായിയിരുന്നു മാമ്മത്ത്. മനുഷ്യകാലഘട്ടങ്ങളിലും ജീവിച്ച, ആഫ്രിക്കൻ ആനയുടെ വിഭാഗത്തിൽപെട്ട ഈ മൃഗവും വംശനാശം വന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇത്തരത്തിലൊരു പക്ഷിയാണ് ലിറ്റിൽ ബുഷ് മോവ. ന്യൂസീലൻഡിലെ എമുപ്പക്ഷിയുടെ വിഭാഗത്തിലുള്ള പക്ഷിയായ ഇത് ന്യൂസീലൻഡിൽ തന്നെയായിരുന്നു താമസം. പതിമൂന്നാം നൂറ്റാണ്ട് വരെ ന്യൂസീലൻഡിൽ ജീവിച്ച ഈ പക്ഷിയും വംശനാശത്തിൽ അപ്രത്യക്ഷമാകുകയായിരുന്നു.
ബുഷ് മോവയുടെ പ്രാചീന ഡിഎൻഎയിൽ ജനിതകപഠനം നടത്തി പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർ ശേഖരിച്ചു.സാധാരണഗതിയിൽ ഫോസിൽ പഠനങ്ങളുപയോഗിച്ച് വംശനാശം വന്ന ജീവികളുടെ അസ്ഥികൾ എങ്ങനെയാണ് ഇരിക്കുന്നത്, എങ്ങനെയായിരുന്നു അവയുടെ ഭക്ഷണരീതി തുടങ്ങിയ വിവരങ്ങളാണ് ലഭിക്കുക. എന്നാൽ ഡിഎൻഎയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും. ഹാർവഡ് സർവകലാശാലയിലെ ഗവേഷകനായ സ്‌കോട് വി എഡ്വേർഡ്‌സാണ് പുതിയ പഠനത്തിനു പിന്നിൽ. ഇതിനായി ലിറ്റിൽ ബുഷ് മോവയുടെ ജനിതക സീക്വൻസിങ് നടത്തി. തുടർന്ന് എമുപ്പക്ഷിയെ റഫറൻസാക്കി വച്ചുകൊണ്ട് ഡിഎൻഎ മാപ്പ് തയാറാക്കി.
എമുപ്പക്ഷി ബുഷ് മോവയുടെ ബന്ധുവായതിനാൽ ഇത് അനുയോജ്യമായിരുന്നു. കൗതുകകരമായ വിവരങ്ങൾ ഇതിലൂടെ ലഭിച്ചു. ചെറിയ കണ്ണുകളായിരുന്നെങ്കിലും അൾട്രാവയലറ്റ് പ്രകാശവും ഇവയ്ക്ക് കാണാൻ സാധ്യമായിരുന്നു. പറക്കാനാകാത്ത പക്ഷിയായിരുന്നു ലിറ്റിൽ ബുഷ് മോവ. ന്യൂസീലൻഡിൽ പോളിനേഷ്യൻ കുടിയേറ്റം നടന്നതിനെത്തുടർന്നാണ് ഇവ അപ്രത്യക്ഷമായത്. ഡോഡോയെയും മാമ്മത്തിനെയുമൊക്കെ തിരിച്ചുകൊണ്ടുവരാൻ സജീവമായ ഗവേഷണം നടക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ ഗവേഷണത്തിന് അത്തരമൊരു ലക്ഷ്യമില്ലെന്ന് എഡ്വേർഡ്‌സും സംഘവും പറയുന്നു.
Unraveling Extinction: New DNA Findings Reveal Secrets of the Little Bush Moa