പട്ടാമ്പി: ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാള്‍ അഭിനഗര്‍ സ്വദേശി നൂറുല്‍ ഇസ്‍ലാമാണ്(34) അറസ്റ്റിലായത്. ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളില്‍നിന്ന് 1.053 ഗ്രാം കഞ്ചാവും 0.34 ഗ്രാം ബ്രൗണ്‍ ഷുഗറും കണ്ടെടുത്തു.
പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് പ്രതി താമസിച്ചിരുന്ന പെരിന്തല്‍മണ്ണയിലുള്ള വാടകവീട്ടില്‍ പരിശോധന നടത്തുകയും പരിശോധനയില്‍ അര കിലോയോളം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. പട്ടാമ്പി മേഖലയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെയും മറ്റും ലക്ഷ്യംവെച്ച് ചില്ലറ വില്പനക്കാര്‍ക്ക് വില്പന നടത്തുന്നതിനായാണ് ഈ ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് സംശയിക്കുന്നത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. മയക്കുമരുന്നിന്റെ ഉറവിടത്തേക്കുറിച്ചും വിതരണ ശൃംഖലയേക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ലഹരിക്കടത്തില്‍ ഏര്‍പ്പെടുന്ന കൂടുതല്‍ പ്രതികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ലഹരിമാഫിയാ സംഘങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് പോലീസ് നടപടി. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പി. അബ്ദുല്‍ മുനീര്‍, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. ആര്‍. മനോജ് കുമാര്‍, പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പി. കെ. പത്മരാജന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
പട്ടാമ്പി മേഖലയില്‍ ലഹരിവില്പനയും ഉപയോഗവും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 70-ലധികം കേസുകള്‍ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതായും ഇത്തരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
content highlight: west-bengal-arrested