കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി നിരവധി താരങ്ങളാണ് തങ്ങൾ നേരിട്ട് ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. പലരും പല നടന്മാരുടെയും സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുടെയും പേര് ഉൾപ്പെടെ വെളിപ്പെടുത്തിയാണ് തുറന്നുപറച്ചിൽ നടത്തിയത്. ഇവർക്കെതിരെ എല്ലാം തന്നെ പ്രത്യേക അന്വേഷണസംഘത്തിന് പലരും കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്നവർക്ക് ഉൾപ്പെടെയാണ് ആരോപണങ്ങൾ നേരിടേണ്ടി വന്നത് അതുകൊണ്ടുതന്നെ താര സംഘടനയായ അമ്മയുടെ ഭരണസമിതി കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ചാർമിള.
ഒരു നിർമാതാവ് സുഹൃത്തുക്കൾക്ക് ഒപ്പം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവിനെതിരെയും ചാർമിള ആരോപണമുന്നയിച്ചു. താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരനും ചോദിച്ചു. നടൻ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാർമിള പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽ നിന്ന് ഒഴിവാക്കി. മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു.
അതേസമയം, മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റില്‍ പുരുഷന്‍മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നുമുള്ള നടി രാധികാ ശരത് കുമാറിൻ്റെ വെളിപ്പെടുത്തലിൽ നടിയിൽ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങി. രാധികയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.
അതിനിടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയർന്നതോടെ കാരവാൻ ഉടമകളുടെ യോഗം വിളിച്ച് പ്രോഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തി. വെള്ളിയാഴ്ച രാവിലെ 11 ന് കൊച്ചിയിൽ കാരവൻ ഉടമകളുടെ യോഗം ചേരാനാണ് ഫെഫ്കയുടെ തീരുമാനം. രാധികയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് അടുത്ത വെളളിയാഴ്ച കാരവാൻ ഉടമകളുടെ യോഗം ചേരുന്നതെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.
content highlight: directors-producers-and-actors-were-misbehaved