ഒരേ സമയം നല്ലതും ചീത്തയുമായ കാര്യങ്ങളാല്‍ പ്രശസ്തമായ പ്രദേശമാണ് ഓസ്ട്രേലിയയിലെ വുള്‍ഫ് ക്രീക്ക്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കൂറ്റന്‍ ഉല്‍ക്ക പതിച്ചതിനെ തുടര്‍ന്നാണ് ഈ ക്രീക്ക് അഥവാ ഉല്‍ക്കാ ഗര്‍ത്തം രൂപപ്പെട്ടത്. ഓസ്ട്രേലിയയിലെ ഏറ്റവും വലുതും ലോകത്തെ തന്നെ ഏറ്റവും വലുപ്പമേറിയതുമായ ഉല്‍ക്കാ ഗര്‍ത്തങ്ങളിൽ ഒന്നാണ് വുള്‍ഫ് ക്രീക്ക്. ആയിരക്കണക്കിന് സഞ്ചാരികളാണ് മരുഭൂമിക്കു സമാനമായ ഒറ്റപ്പെട്ട മേഖലയില്‍ സ്ഥിതി ചയ്യുന്ന ഈ ഗര്‍ത്ത കാണാനെത്താറുള്ളത്. ഈ ഗര്‍ത്തിന്‍റെ പേരില്‍ സൂപ്പര്‍ഹിറ്റായ ഹോളിവുഡ് സിനിമാ സീരിസും നിലവിലുണ്ട്. ഏതാണ്ട് 14000 ടണ്‍ തൂക്കം വരുന്ന ഉല്‍ക്കയാണ് ഈ മേഖലയില്‍ പതിച്ചത്. 875 മീറ്റര്‍ ചുറ്റളവും 85 മീറ്റര്‍ ആഴവുമുള്ള ഗര്‍ത്താണ് ഇതിന്‍റെ ഫലമായി ഈ മേഖലയില്‍ രൂപപ്പെട്ടത്. ഏതാണ്ട് 3 ലക്ഷം വര്‍ഷം മുന്‍പാണ് ഈ ഉല്‍ക്കാ പതനം ഉണ്ടായതെന്നാണ് ഇതുവരെയുള്ള പഠനങ്ങളില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ ധാരണ പൂര്‍ണമായും തിരുത്തുന്നതാണ് പുതിയ പഠനം.
അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഏതാനും സര്‍വകലാശാലകളിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. വുള്‍ഫ് ക്രീക്കിന്‍റെ ജനനസമയം ഏതാണ്ട് പകുതിയായി കുറയ്ക്കുന്നതാണ് ഈ പഠനത്തിലെ കണ്ടെത്തലുകള്‍. ഈ പഠനമനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഉല്‍ക്ക ഈ മേഖലയില്‍ പതിച്ചത്. കേവലം പഴക്കം നിര്‍ണയിക്കുന്നതിന് വേണ്ടി മാത്രമല്ല ഈ പഠനം നടത്തിയത്. മറിച്ച് പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് ശേഷവും എങ്ങനെയാണ് വുള്‍ഫ് ക്രീക്ക് കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ സംരക്ഷിക്കപ്പെടുന്നതെന്നറിയാൻ വേണ്ടിയാണ്. ഉല്‍ക്ക പതിച്ച സമയത്തിനു ശേഷം രൂപപ്പെട്ട പാടുകളെല്ലാം അതേ പോലെയാണ് ഇപ്പോഴും വുള്‍ഫ് ക്രീക്കിലുള്ളത്. സാധാരണ ഗതിയില്‍ ഉല്‍ക്കാ ഗര്‍ത്തങ്ങളിലുള്ള ഇത്തരം പാടുകള്‍ ശക്തമായ മഴയും മറ്റ് പ്രതിഭാസങ്ങളും മൂലം കാലം ചെല്ലും തോറും ഇല്ലാതാവേണ്ടതാണ്. ഈ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമാണ് വുള്‍ഫ് ക്രീക്കിലെ അവസ്ഥ. കൂടാതെ ഈ ഗര്‍ത്തത്തിന്‍റെ രൂപപ്പെട്ടലിനു കാരണമായ ഉല്‍ക്കയുടെ അംശങ്ങളും വുള്‍ഫ് ക്രീക്കിലെ മണ്ണില്‍ കാണാന്‍ സാധിക്കും.
ലോകത്തിലെ തന്നെ ഏറ്റവു വലിയ രണ്ടാമത്തെ ഉല്‍ക്കാ ഗര്‍ത്തമാണ് വുള്‍ഫ് ക്രീക്ക്. ഒരു ലക്ഷത്തില്‍ താഴെ മാത്രം വര്‍ഷം പഴക്കമുള്ളവയാണ് ഭൂമിയില്‍ ഇപ്പോള്‍ കാണപ്പെടുന്ന മിക്ക തമോഗര്‍ത്തങ്ങളും. ഇതിലധികം പഴക്കമുള്ള ഗര്‍ത്തങ്ങളെല്ലാം തന്നെ പൂര്‍ണമായും ഭാഗികമായും തകര്‍ന്നതും മുടപ്പെട്ടതുമായ നിലയിലാണ്. പ്രകൃതി ക്ഷോഭങ്ങള്‍ തന്നെയാണ് ഇതിനു കാരണം. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്തമായി വുള്‍ഫ് ക്രീക്ക് ഇപ്പോഴും കാര്യമായ വ്യത്യാസങ്ങളില്ലാതെ തുടരുന്നതിനു പിന്നിലെ കാരണമാണ് ഗവേഷകരില്‍ കൗതുകം ജനിപ്പിക്കുന്നത്. വുള്‍ഫ് ക്രീക്ക് ഇത്തരത്തില്‍ സംരക്ഷിക്കപ്പെടാന്‍ കാരണമായി ഗവേഷകര്‍ കണക്കു കൂട്ടുന്നത് ഇത് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്‍റെ ഭൂമിശാസത്രപരമായ സവിശേഷതയാണ്. അരിഡ് സോണ്‍ അഥവാ വരണ്ട ഭൂമേഖലയാണ് ഈ പ്രദേശത്തിന്‍റെ പ്രത്യേകത. ശക്തമായ മഴയോ നീരൊഴുക്കോ കൊടുങ്കാറ്റോ ഈ പ്രദേശത്ത് പതിവില്ല. ഇത് തന്നെയാകും വുള്‍ഫ് ക്രീക്ക് സാരമായ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടാന്‍ കാരണമെന്നും ഗവേഷകര്‍ കരുതുന്നു.
STORY HIGHLLIGHTS: Wolfe Creek Crater younger than previously thought