തിരുവനന്തപുരം: സംവിധായകരടക്കം നിരവധി മലയാളസിനിമാ പ്രവർത്തകരിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ചാർമിള. സംവിധായകൻ ഹരിഹരൻ അടക്കമുള്ളവർ അഡ്ജസ്റ്റ്മെന്റ് ചെയ്യാമോ എന്ന് ചോദിച്ചു. താൻ നോ പറയുകയും അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാതെ വന്നതോടെ 28 സിനിമകൾ നഷ്ടപ്പെട്ടുവെന്നും പറഞ്ഞു.
നടൻ വിഷ്ണുവിനെ കൊണ്ടാണ് ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് തന്നോട് ചോദിച്ചത്. പൊള്ളാച്ചിയിൽ വെച്ച് അർജുനൻ പിള്ളയും അഞ്ചുമക്കളും എന്ന സിനിമയുടെ പ്രൊഡ്യൂസർ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് ചോദിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ തനിക്ക് കുറെ പേരിൽനിന്ന് മോശം അനുഭവം ഉണ്ടായി. എല്ലാവരുടെയും പേരുകൾ ഇപ്പോൾ പറയാൻ താല്പര്യമില്ലെന്നും അവർ പറഞ്ഞു. അതേസമയം, പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി.
ഹരിഹരൻ ആരെയും ഓപ്പണായി ശല്യപ്പെടുത്തില്ല. വളരെ മനോഹരമായി മറ്റൊരാളിലൂടെയാകും സമീപിക്കുക. സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്കു മുന്നിൽ പൊരിക്കും. ഒടുവിൽ നടിമാർക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ട്. നേരിൽ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ടെന്നും വിഷ്ണു പറഞ്ഞു.
സിനിമാ മേഖലയിൽനിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ചാർമിള ഇന്നലെയാണ് രംഗത്തെത്തിയത്. നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തുകയായിരുന്നു.
‘മലയാള സിനിമ ഇൻഡസ്ട്രിയൽ സ്ത്രീകൾ സുരക്ഷിതരല്ല. കുറെയധികം പെൺപിള്ളേർ നോ പറഞ്ഞു പുറത്തേക്ക് വന്നു എന്നാൽ കുറേപ്പേർ ഓക്കെ പറഞ്ഞ് അഡ്ജസ്റ്റ്മെന്റിന് തയ്യാറായി. കുറെ പേർ കാശിനു വേണ്ടിയും പ്രശസ്തിക്കുവേണ്ടിയും ഓക്കെ പറയും. അതിനുശേഷം ആണുങ്ങളെ കുറ്റം പറയുമെന്നും അവർ പറഞ്ഞു.