കൊച്ചി: ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സോഫിയ പോളിനും ജെയിംസ് പോളിനുമെതിരെയാണ് കേസ്. വഞ്ചനക്കുറ്റം, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തി തൃപ്പൂണിത്തുറ പൊലിസാണ് കേസ് എടുത്തത്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് കേസ്. ചിത്രത്തിന്റെ നിർമാണത്തിനായി 6 കോടി രൂപ അഞ്ജന അബ്രഹാം നൽകിയിരുന്നു.
സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് അഞ്ജനയുടെ പരാതി. വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അഞ്ജന ആരോപിക്കുന്നു.
സോഫിയ പോളിന്റെയും ജെയിംസ് പോളിന്റെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന നിർമാണക്കമ്പനിയാണ് ആർഡിഎക്സ് പുറത്തിറക്കിയത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർക്കൊപ്പം ബാബു ആൻ്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.