കനത്ത മഴയെ തുടർന്ന് ആന്ധ്രാ പ്രദേശിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും കുടുങ്ങി കിടന്ന എ ൻപതിലധികം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തതിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എൻ ചന്ദ്ര ബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കാലാവസ്ഥ മോശമായതിനെ തുടർന്ന് ശനിയാഴ്ച അദ്ദേഹം തന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരുന്നു. അടിയന്തിര സഹായമായി അദ്ദേഹം എല്ലാ ജില്ലകൾക്കും മൂന്ന് കോടി രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു.
മരിച്ച എട്ട് പേരിൽ അഞ്ച് പേര് മൊഗൽരാജപുരത്ത് നിന്നുള്ളവരാണ്. ഇവർ മണ്ണിടിച്ചിലിലാണ് മരിച്ചത്. ഗുണ്ടൂരിൽ കാർ വെള്ളത്തിൽ മുങ്ങി ഒരു അധ്യാപകനും രണ്ട് വിദ്യാർത്ഥികളും മരിച്ചിരുന്നു. ആന്ധ്രാ പ്രദേശിൽ കനത്ത മഴ തുടര്ന്ന് സാഹചര്യത്തിൽ തെലങ്കാനയിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.