Kerala

‘ഹോട്ടലില്‍ വെച്ച് അപമര്യാദയായി പെരുമാറി’; മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്

തുടര്‍ നടപടികള്‍ പ്രത്യേക അന്വേഷണ സംഘവുമായി ആലോചിച്ച ശേഷമെടുക്കും

നടനും എംഎല്‍എയുമായ മുകേഷിനെതിരെ തൃശൂര്‍ വടക്കാഞ്ചേരിയിലും കേസ്. ഐപിസി 354, 294 ബി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വടക്കാഞ്ചേരിക്കടുത്തുള്ള ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസ്. 2011 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കുമെന്നും കേസിന്റെ തുടര്‍ നടപടികള്‍ പ്രത്യേക അന്വേഷണ സംഘവുമായി ആലോചിച്ച ശേഷമെടുക്കുമെന്നും പൊലീസ് പറഞ്ഞു. യുവ നടിയുടെ പരാതിയില്‍ മരട് പൊലീസ് നേരത്തെ മുകേഷിനെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.