കൊച്ചി: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തിൽ വലിയ വിവാദം പുകയുകയാണ്. നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. അതിൽ ഒന്നാണ് ജയസൂര്യക്കെതിരെ ഉയർന്ന പരാതികൾ. രണ്ട് നടിമാരാണ് ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്.
തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നടൻ പ്രതികരിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയ നടിമാരിൽ ഒരാൾ.
ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താൻ ഉയർത്തിയത് തെറ്റായ ആരോപണങ്ങളല്ലെന്നും അവർ പറഞ്ഞു. “വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായപ്പോൾ ഞാൻ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപമണമുയർന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് എനിക്ക് ഒരിക്കലും നല്ലതായി വരില്ല”, അവർ പറഞ്ഞു. തന്റെ ജീവിതത്തിൽ ആദ്യമായാണ് എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പീഡനം പോലെതന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ് എന്നായിരുന്നു ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
2008, 2013 വർഷങ്ങളിൽ സിനിമാ സെറ്റിൽവെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളിൽ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. 2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍വെച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം. 2013-ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് മറ്റൊരു പരാതി. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
content highlight: actress-against-actor-jayasurya