ഡയബറ്റിസ് മെലിറ്റാസ് അഥവാ പ്രമേഹം പാൻക്രിയാസ് ഗ്രന്ഥിയിലുണ്ടാകുന്ന രോഗമാണ്. വേണ്ടത്ര ഇൻസുലിന്റെ അഭാവമോ ഇൻസുലിൻ ഉത്പാദിപ്പിക്കാതെ വരുമ്പോൾ രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് വർധിക്കുന്നു. ഈ അവസ്ഥയാണ് പ്രമേഹം. ശരിയായ ആഹാരം, വ്യായാമം, പതിവായ പരിശോധന ഒപ്പം മരുന്നുകളുമാണ് പ്രമേഹ ചികിത്സയുടെ ഘടകങ്ങൾ. ശരിയായ ശ്രദ്ധയും കൃത്യമായ ചികിത്സയിലൂടെയും പ്രമേഹരോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. പ്രധാനമായും രണ്ടുതരം പ്രമേഹമാണുള്ളത്.
ടൈപ്പ് 1 പ്രമേഹം
ടൈപ്പ് 1 പ്രമേഹത്തിൽ, ശരീരം ഇൻസുലിൻ കുറഞ്ഞ അളവിൽ ഉണ്ടാക്കുകയോ, ഒട്ടും ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നു. ഈ തരത്തിലുള്ള പ്രമേഹമുള്ളവർ ഇൻസുലിൻ കുത്തിവയ്പ് എടുക്കണം. സാധാരണയായി യുവത്വത്തിലാണ് ഇത് തുടങ്ങുന്നതെങ്കിലും അത് ഏത് പ്രായത്തിലും വരാം.
ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 പ്രമേഹം എന്നാൽ ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ തികയാതെ വരുന്ന അവസ്ഥയാണ്. ഈ പ്രമേഹം ഉള്ളവർക്ക് ഉചിതമായ ഭക്ഷണ ക്രമീകരണം, വ്യായാമം,മരുന്നുകൾ, കൂടാതെ ഇൻസുലിൻ കൊണ്ടും ചികിത്സിക്കാവുന്നതാണ്. ചെറുപ്പത്തിലെ ഉണ്ടാകാമെങ്കിലും മിക്കവാറും 40 വയസ്സിൽ കൂടുതൽ പ്രായമാകുമ്പോളാണിത് ആരംഭിക്കുന്നത്.
സാധാരണയിൽ കവിഞ്ഞുള്ള ദാഹം, കൂടെക്കൂടെ മൂത്രം ഒഴിക്കുക, അമിതമായ വിശപ്പ്, കൈകളിലോ പാദങ്ങളിലോ തരുതരിപ്പ് അനുഭവപ്പെടുക, തളർച്ച, തൊലി വരളുക, ചൊറിച്ചിൽ അനുഭവപ്പെടുക, മുറിവുകൾ ഉണങ്ങാൻ വൈകുക, കാഴ്ചയിലുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. പ്രമേഹം എന്ന രോഗം ബാധിച്ചാൽ അന്ധത, ഹൃദ്രോഗം, വൃക്കരോഗം എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ എല്ലിനെയും പല്ലിനെയും വരെ തകർക്കുന്ന പ്രമേഹം ഒരു വില്ലൻ തന്നെയാണ്.
പ്രമേഹമുള്ളവർ ഭക്ഷണങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. സാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഭക്ഷണത്തിനു മുമ്പ് 70 -110 mg ഭക്ഷണത്തിനു രണ്ടു മണിക്കൂർ ശേഷം 90 -160 mg എന്നിങ്ങനെയായിരിക്കും. പല രീതിയിൽ പ്രമേഹം വ്യക്തികളെ ബാധിക്കാം. പാരമ്പര്യമായും , ഗർഭകാലത്തും , ജീവിതശൈലിയിലൂടെയും പ്രമേഹം വരാം. ലോകത്തിൽ ഏഴരക്കോടിയോളം ജനങ്ങളാണ് പ്രമേഹബാധിതരായുള്ളത്. അതിൽ ഒന്നാം സ്ഥാനം ചൈനയ്ക്കും രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുമാണ്.
പ്രമേഹത്തിന്റെ കാരണമായി എല്ലാരും കാണുന്നത് പഞ്ചസാരയുടെ ഉപയോഗം മാത്രമാണ് എന്നാൽ, നാല് തരത്തിലുള്ള മധുരമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. അതിനെയാണ് അന്നജം എന്ന് വിളിക്കുന്നത്. ഏത് അന്നജം ദഹിച്ചാലും ലഭിക്കുന്നത് മധുരമാണ്. അതിൽ ഒന്ന് മധുരമാണ്. മധുരം എന്നാൽ പഞ്ചസാര, ശർക്കര, തേൻ, ഗ്ലൂക്കോസ് ഇതെല്ലാം മധുരമാണ്. രണ്ട് ധാന്യം, കിഴങ്ങ്. മൂന്ന് ഫ്രൂട്സ്. നാല് വെജിറ്റബിൾസ്. ഇവ തമ്മിലുള്ള വ്യത്യാസം; മധുരത്തിൽ 90 ശതമാനം മുതൽ 100 ശതമാനം വരെയും ഷുഗറാണ്,ധാന്യം കിഴങ്ങിൽ 65 മുതൽ 80 ശതമാനവും ,മധുരം കുറഞ്ഞ പഴങ്ങളിൽ 15 ശതമാനവും മധുരം കൂടിയതാണെങ്കിൽ 25 ശതമാനവും, പച്ചക്കറികളിൽ 5 ശതമാനം ഷുഗറാണ്. രക്തത്തിൽ ശരിയായ അളവിൽ ഷുഗർ നിൽക്കുക എന്നുള്ളത് പ്രധാനമാണ് അതിന് അനുയോജ്യം പച്ചക്കറികളുടെ ഉപയോഗമാണ്. കൃത്യസമയത്ത് കൃത്യമായ അളവിൽ ആഹാരം കഴിച്ചും , ശരീരത്തിന് അനുയോജ്യമായ വ്യായാമം ചെയ്തും, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും മരുന്നുകളില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാം.