കേരളത്തിൻറെ സ്വന്തം ക്രിക്കറ്റ് ടൂർണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കമാകും.തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടു മുപ്പതിനാണ് ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റൻ ആകുന്ന ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ തൃശ്ശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം. തുടർന്ന്, വൈകുന്നേരം ആറു മണിയോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
തുടർന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാൽ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും. മോഹൻലാലിന് പുറമേ കായിക മന്ത്രി വി. അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അബ്ദുൽ ബാസിത് നയിക്കുന്ന ട്രിവാൻഡ്രം റോയൽസും ബേസിൽ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേർസും ഏറ്റുമുട്ടും. സെപ്റ്റംബർ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. 17 ന് സെമി ഫൈനൽ. സെപ്റ്റംബർ 18 ന് നടക്കുന്ന ഫൈനലിൽ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയിയെ നിശ്ചയിക്കും. മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. സ്റ്റാർ സ്പോർട്സിൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. മത്സര വിജയികൾക്ക് 30 ലക്ഷവും, റണ്ണേഴ്സ് അപ്പിന് 20 ലക്ഷവും ലഭിക്കും. മൂന്നും നാലും സ്ഥാനങ്ങളിൽഎത്തുന്ന ടീമുകൾക്ക് അഞ്ച് ലക്ഷം വീതം ലഭിക്കും.
Content Highlights; The Kerala Cricket League will begin on Monday