തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡി.ജി.പി.യോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനോടാണ് റിപ്പോർട്ട് തേടിയത്. ഇതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് ഐ.പി.എസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. യോഗത്തിൽ മുഖ്യമന്ത്രിക്ക് നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ച് ചർച്ച നടന്നതായാണ് സൂചന.
ആരോപണങ്ങൾ പൊലീസ് ഉന്നതരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കും നീങ്ങുകയും അത് മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വെട്ടിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ. ആരോപണങ്ങളിൽ വിശദീകരണം എന്ന നിലയ്ക്കാണ് റിപ്പോർട്ട് തേടിയത്.
അൻവറിന്റെ ആരോപണങ്ങൾ പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കംതീർത്തു എന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് പ്രതിച്ഛായ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. റിപ്പോർട്ടിനു ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായാണ് ഇന്ന് പി.വി അൻവർ എ.എൽ.എ രംഗത്തെത്തിയത്. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അൻവർ പറഞ്ഞു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്‍വർ ആരോപിച്ചു.
അതിന് തെളിവുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ കൊലകൾ നടന്നത്. ഇതിൽ പ്രതികളായ ആളുകളെയുൾപ്പെടെ മാധ്യമങ്ങൾക്കു മുന്നിൽ അടുത്ത ദിവസം ഹാജരാക്കും. അജിത്കുമാർ ദേശദ്രോഹിയാണെന്നും എം.എൽ.എ പറഞ്ഞു.
മന്ത്രിമാരുടെയും പ്രധാന രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവർത്തകരുടേയും ഫോൺകോളുകൾ അജിത് കുമാർ ചോർത്തുന്നുണ്ടെന്നും അൻവർ പറഞ്ഞു. ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അജിത്കുമാർ ഒരു അസിസ്റ്റന്റിനെ വച്ചിട്ടുണ്ടെന്നും അൻവർ എം.എൽ.എ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതിനിടെ, എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നവാസ് ഡി.ജി.പി.ക്ക് പരാതി സമർപ്പിച്ചു. തൽസ്ഥാനത്ത് അജിത് കുമാർ തുടർന്നാൽ തെളിവുകൾ നശിപ്പിച്ചേക്കാമെന്നാണ് പരാതിയിൽ പറയുന്നത്. അജിത് കുമാറിനെ മാറ്റിനിർത്തണം. ഗൗരവകരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്നത്. വിഷയത്തിൽ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് നവാസ് ഡി.ജി.പി.ക്ക് പരാതി നൽകിയത്.