അരാജകത്വത്തിന്റെ ഈറ്റില്ലമായി കൊല്‍ക്കത്തയിലെ ആശുപത്രികള്‍ മാറുന്നതിന്റെ ഉദാഹരണമാണ് അവിടെ നടക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ബലാത്സംഗത്തിന് ഇരയായി ജൂനിയര്‍ ഡോക്ടര്‍ മരിച്ചിട്ട് ഒരു മാസമാകുന്നതിന് മുന്‍പ് കൊല്‍ക്കത്തയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാന രീതിയിലുള്ള സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ലൈംഗികാതിക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ അത്തരം കാര്യങ്ങള്‍ തടഞ്ഞ് ഫലപ്രദമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയാതെ നോക്കുകുത്തിയാകുന്ന അവസ്ഥയാണ് പശ്ചിമ ബംഗാളില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. ഇന്നലെ രണ്ട് ലൈംഗികാതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൗറയിലെ ജില്ലാ ആശുപത്രിയില്‍ 13 വയസുകാരിയെ പീഡിപ്പിച്ച ലബോറട്ടറി ടെക്‌നീഷ്യന്‍ അമന്‍ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി സിടി സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം 10 മണിയോടെയാണ് സംഭവം. പീഡനവിവരം പുറത്തറിഞ്ഞതോടെ ഇരയുടെ കുടുംബവും ബന്ധുക്കളും പ്രതിഷേധവുമായി ആശുപത്രിലെത്തി. ഇതിനിടയില്‍ പ്രതിയെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ അതിക്രമ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസാണ് ആള്‍ക്കൂട്ടം കൈകാര്യം ചെയ്തു കൊണ്ടിരുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇരയുടെ സിടി സ്‌കാന്‍ നടത്തിയ സ്വകാര്യ പങ്കാളിയോട് ആശുപത്രി വിശദീകരണം തേടിയിട്ടുണ്ടെന്ന് ഹൗറ സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് നാരായണ്‍ ചട്ടോപാധ്യായ പറഞ്ഞു. ഹൗറ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരയുടെ സിടി സ്‌കാന്‍ നടത്തിയ സ്വകാര്യ പങ്കാളിയോട് ഞങ്ങള്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഞങ്ങള്‍ അത് ഉന്നത അധികാരികള്‍ക്ക് അയച്ച് അതിനനുസരിച്ച് നടപടിയെടുക്കും. അറസ്റ്റിലായ വ്യക്തി സ്വകാര്യ-പൊതു പങ്കാളിയുടെ ജീവനക്കാരനാണ്… ഇരയ്ക്കും അവളുടെ കുടുംബാംഗങ്ങള്‍ക്കും ഞങ്ങള്‍ സുരക്ഷ നല്‍കുന്നു. സിടി സ്‌കാന്‍ മുറിയില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നുവെങ്കിലും വൈകുന്നേരത്തോടെ അയാള്‍ അത് ആരംഭിച്ചു. ഞങ്ങള്‍ അത് അറിഞ്ഞിരുന്നില്ല…’ അദ്ദേഹം അവകാശപ്പെട്ടു.
#WATCH | West Bengal: On the alleged attempt of rape of a minor girl, Narayan Chattopadhyay, Superintendent of Howrah Government Hospital says “An FIR has been registered at Howrah Police Station and the accused has been arrested. We have asked for an explanation from the private… pic.twitter.com/BRRPdFYSRT
— ANI (@ANI) September 1, 2024
ഇന്നലെ രാത്രി ബംഗാളിലെ ബിര്‍ഭം ഇലംബസാര്‍ ഹെല്‍ത്ത് സെന്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് രോഗിയുടെ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന നഴ്‌സിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. തന്റെ ബന്ധുക്കളുടെ മുന്നില്‍ വച്ചായിരുന്നു പ്രതിയുടെ അതിക്രമം. ആശുപത്രിയില്‍ മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് ഇത്തരം ദുരവസ്ഥ നേരിടേണ്ടി വരുന്നതെന്ന് ഇര പ്രതികരിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ പോലും പ്രതിയെ തടഞ്ഞില്ല. തന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഡ്യൂട്ടിയിലുള്ള ഒരാളോട് ഇത്തരമൊരു കാര്യം ചെയ്യാന്‍ ഒരു രോഗിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് നഴ്‌സ് ചോദിച്ചു.
ആഗസ്റ്റ് 9ന് പുലര്‍ച്ചെയായിരുന്നു കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിരുന്നു. തല, കവിളുകള്‍, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാല്‍ മുട്ട്, കണങ്കാല്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി 25 മുറിവുകളാണ് ഇരയുടെ ശരീരത്തില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സിവിക് പോലീസ് ഓഫീസറായിരുന്ന സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന്, പ്രതിയായ സഞ്ജയ് റോയിക്ക് ദിവസത്തില്‍ എല്ലാ സമയത്തും സര്‍ക്കാര്‍ നടത്തുന്ന ആശുപത്രിയുടെ എല്ലാ കോണുകളിലും എങ്ങനെ അനിയന്ത്രിതമായ പ്രവേശനം ലഭിച്ചു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പണത്തിന് പകരമായി രോഗികള്‍ക്ക് ആശുപത്രി കിടക്കകളും മറ്റ് സൗകര്യങ്ങളും അദ്ദേഹം നിയമവിരുദ്ധമായി ക്രമീകരിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആശുപത്രികളില്‍ നടന്ന അരുംകൊലയില്‍ രാജ്യവ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി സ്ഥലത്ത് സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പ്രതിഷേധിച്ച് പണിമുടക്കിയിരുന്നു.
Content Highlights; Sexual assaults are again reported from various hospitals in Kolkata