തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുൾപ്പെടെ പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി രാജിവയ്ക്കണം. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഇന്നു തന്നെ സസ്പെൻഡ് ചെയ്യുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കുകയും വേണം. അൻവറിന്റെ വെളിപ്പെടുത്തലുകളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായും വി.ഡി സതീശൻ വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കുന്നതിനായി ഒരാളെ കൊലപ്പെടുത്തി.അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് നടന്നത്. എഡിജിപി അജിത്കുമാറാണ് ഇതിന് പിന്നിലെന്നുമാണ് അൻവറിന്റെ ആരോപണം. സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിന്റെ പേരില്‍ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എന്നാണ് സ്വന്തം എംഎൽഎ പറയുന്നത്. അതിനാൽ അൻവർ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും സിബിഐ അന്വേഷണം വേണമെന്ന് വി.ഡി.സതീശൻ പറഞ്ഞു.
‘മന്ത്രിമാരുടെ ഫോണടക്കം ചോർത്തുന്നു എന്ന ആരോപണം ഗുരുതരമാണ്. മന്ത്രിമാരുടെ ചോർത്തുമ്പോൾ ഞങ്ങളുടെയും ചോർത്തുന്നുണ്ടാവുമല്ലോ. രാഷ്ട്രീയനേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം നേരത്തേ വന്നതാണ്. മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തുന്നത് ഈ എ.ഡി.ജി.പിയാണെന്നത് ഗുരുതരമായ ആരോപണമാണ്. ഈ ആരോപണങ്ങളെല്ലാം സി.ബി.ഐ അന്വേഷിക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.