Travel

ടിപ്പു സുൽത്താൻ സമ്മർ പാലസ് കണ്ടിട്ടുണ്ടോ

ഇൻഡോ ഇസ്ലാമിക് വാസ്തു വിദ്യയിൽ ആണ് ഈ കൊട്ടാരം പണി കഴിപ്പിച്ചത്.

ബാംഗ്ലൂർ ടൗണിൽ ആയിട്ട് കൂടി അധികമാരും അറിയാതെ പോകുന്ന ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് ടിപ്പു സുൽത്താൻ സമ്മർ പാലസ്. അധികമാർക്കും അറിയില്ല എങ്കിലും ഇവിടുത്തെ കാഴ്ചകൾ നിരവധിയാണ്. ചെറിയ കൊട്ടാരമാണെങ്കിലും ഒരു വട്ടം കണ്ടിരിക്കാനുള്ള അതിമനോഹരമായ കാഴ്ചകൾ ടിപ്പു സുൽത്താൻ സമ്മർ പാലത്തിൽ വിനോദസഞ്ചാരികൾക്കായി കാത്തു വച്ചിട്ടുണ്ട് . ടിപ്പുവിന്റെ പിതാവായ നവാബ് ഹൈദർ അലി ഖാൻ 1781 ൽ ആണ് ഈ കൊട്ടാരത്തിന്റെ പണി തുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്. 1791 ൽ ടിപ്പു സുൽത്താൻ ആണ് കൊട്ടാരത്തിന്റെ പണി മുഴുവനായും പൂർത്തീകരിക്കുന്നത്.

ഇൻഡോ ഇസ്ലാമിക് വാസ്തു വിദ്യയിൽ ആണ് ഈ കൊട്ടാരം പണി കഴിപ്പിച്ചത്. തേക്കിന്റെ തടിയിൽ കൊത്തിയെടുത്ത തൂണുകളും, ചിത്രപ്പണികളും ഈ കൊട്ടാരത്തിൽ ഉണ്ട്. തൂണുകളിൽ രണ്ട് നിറങ്ങളിൽ ഉള്ള പെയിന്റുകൾ ചെയ്ത് പോളിഷ് ചെയ്തിട്ടുണ്ട്. ഈ തൂണുകൾ കാണാൻ തന്നെ വളരെയധികം ഭംഗിയാണ്. ഇതിന്റെ താഴത്തെ നിലയിൽ ഒരു മ്യൂസിയം കൂടി പ്രവർത്തിക്കുന്നുണ്ട്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ഉണ്ടായ നേട്ടങ്ങളും, അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും, തലപ്പാവും അടക്കം നിരവധി കാഴ്ചകൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊട്ടരത്തിന്റെ നാല് വശത്ത് നിന്നും മുകളിലേക്ക് കയറാൻ പടികൾ ഉണ്ട്. നാല് പടികളും ചെന്നെത്തുന്നത് ഒരേ പോലെ തോന്നുന്ന 4 മനോഹരമായ ചെറിയ മുറികളിലേക്കാണ്. അവിടെ നിന്ന് നീണ്ട് കിടക്കുന്ന വലിയ ഇടനാഴിയിൽ ഇരുന്നാണ് അദ്ദേഹം ദർബാർ നടത്തിയിരുന്നത് എന്നാണ് പറയപ്പെടുന്നത് . രണ്ട് വശങ്ങളിൽ നിന്ന് നോക്കിയാലും ഒരേ പോലെ തോന്നുന്ന മനോഹരം ആയ നിർമ്മിതിയാണ് കൊട്ടാരത്തിന് മാറ്റേകുന്നത് . മുന്നിൽ വിശാലമായ പൂന്തോട്ടവും ഉണ്ട്. അതും വിനോദസഞ്ചാരികളുടെ മനസ്സ് ആകർഷിക്കാൻ കഴിവുള്ളതാണ്. ചരിത്രവും, കൊട്ടാരങ്ങളും ഇഷ്ടമുള്ളവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന കാഴ്ച്ചകൾ ആണ് ഈ കൊട്ടാരത്തിലുള്ളത്. ബാംഗ്ലൂരിലേക്ക് വിനോദയാത്ര പോകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഡെസ്റ്റിനേഷൻ തന്നെയാണ് ഇത്. എന്നാൽ ഒരു ദിവസത്തിൽ കൂടുതൽ കാണാനുള്ള കാഴ്ചകൾ ഒന്നും തന്നെ ഇവിടെയില്ല എന്നതുകൂടി മനസ്സിൽ വയ്ക്കണം. ബാംഗ്ലൂർ മുഴുവനായി സന്ദർശിക്കാൻ പോകുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അതിൽ ഒരു ഡെസ്റ്റിനേഷൻ സ്പോട്ടായി മാത്രമേ ഈ സ്ഥലത്തെ കാണാൻ സാധിക്കു. ചരിത്രം ഉറങ്ങുന്ന ഒരുപാട് കാഴ്ചകൾ ഇവിടെ വിനോദസഞ്ചാരികളെ വരവേൽക്കാനായി കാത്തിരിക്കുന്നു. പൂന്തോട്ടത്തിലെ അതിമനോഹരമായ പൂക്കൾ ഇവിടെയെത്തുന്ന ഓരോ വ്യക്തിയുടെ മനസ്സിലും അതിമനോഹരമായ ദൃശ്യ അനുഭവമാണ് സമ്മാനിക്കുന്നത്
Story Highlights ;Bangalore Summer Palace