ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട്. ആന്ധ്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും 10 പേർ മരിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേർന്ന് 80 ഓളം ആളുകളെ രക്ഷപ്പെടുത്തി.
ആന്ധ്രയിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളും കാറുകളും വെള്ളത്തിനടയിലായി. വിജയവാഡ റൂറൽ മണ്ഡലത്തിലെ അംബാപുരം, നൈനാവരം, നുന്ന എന്നീ ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. പ്രദേശത്തെ ദുരിതബാധിതരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്തമഴയെത്തുടർന്ന് 20-ലധികം ട്രെയിനുകൾ റദ്ദാക്കുകയും 30-ലധികം ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
പോലീസിന്റേയും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അടുത്ത് മൂന്ന് ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാനയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗ്രാമങ്ങൾ തമ്മിലുള്ള റോഡ് മാർഗം തടസപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഉന്നതഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അടിയന്തരയോഗം വിളിച്ചിരുന്നു. ജീവഹാനിയും സ്വത്തുക്കളും നഷ്ടപ്പെടുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വിജയവാഡ ഡിവിഷനിൽ 30 ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ തീരദേശ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.