ഇംഫാല്‍: മണിപ്പൂരില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. ഇന്ന് നടന്ന സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉൾപ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
വെസ്റ്റ് ഇൻഫാൽ ജില്ലയിലെ ഗ്രാമങ്ങളിലാണ് വെടിവെപ്പും ബോംബ് സ്ഫോടനവും ഉണ്ടായത്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി.
മണിപ്പൂര്‍ സര്‍ക്കാരിനെതിരെ കുകി സംഘടനകളുടെ വ്യാപകമായ പ്രതിഷേധം ഇന്നലെ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. ആയുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
പൊലീസിനും സൈന്യത്തിനും ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടന്നെന്നും റിപ്പോര്‍ട്ടുണ്ട്. വൈകീട്ട് ആറ് മണിവരെ പ്രദേശത്ത് വെടിവയ്പ്പ് തുടര്‍ന്നതായി പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസും സൈന്യവും പ്രദേശത്ത് ശക്തമായ നിരീക്ഷണം തുടരുകയാണ്.
അതേസമയം കലാപം തുടരുന്ന മണിപ്പൂരിനെ സംരക്ഷിക്കാനുള്ള തന്റെ പരിശ്രമങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞിരുന്നു. രാജി വെക്കണമെന്ന വാദം തള്ളിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജനങ്ങൾ തന്നെ വിശ്വസിക്കുന്ന സാഹചര്യത്തിൽ രാജിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കും അനധികൃത കുടിയേറ്റക്കാർക്കുമെതിരെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ ക്രമസമാധാന നില തകരാനുള്ള പ്രധാന കാരണമെന്നും ഇതാണ് കുകി-മെയ്‌തെയ് തർക്കത്തിലേക്ക് നയിച്ചതെന്നും സിങ് പറഞ്ഞിരുന്നു.