തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗത്തിൽ കാറ്റിനും സാധ്യത. ഒരാഴ്ച മഴ ഇതേ നിലയിൽ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെയുള്ള ന്യൂനമർദപാത്തി ദുർബലമായിട്ടുണ്ടെങ്കിലും മഴയുടെ ശക്തി കുറയില്ല. അറബിക്കടലിനും പാക്കിസ്ഥാൻ തീരത്തിനും മുകളിലായി ‘അസ്ന’ ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നു.