ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ഷീല. നമ്മുടെ ഗവൺമെൻറ് അല്ലാതെ മറ്റേത് ഗവൺമെൻറ് ആണ് സ്ത്രീകളുടെ പരാതികൾ കേൾക്കാൻ താല്പര്യം എടുത്തിട്ടുള്ളതെന്ന് ഷീല ചോദിച്ചു. മനുഷ്യനും മറവി എന്നു പറയുന്ന ഒന്നുണ്ട്. പക്ഷേ ഇക്കാര്യം മറന്നു പോകാൻ പാടില്ല. കുറ്റം ചെയ്തവരെ ശിക്ഷിക്കണം. എങ്കിലേ ഇനി ഇതില്ലാതിരിക്കൂ എന്നും നടിപറഞ്ഞു.
“ഞാനെന്നും സ്ത്രീപക്ഷത്താണ്. കാരണം അവരുടെ കഷ്ടപ്പാടുകൾ എനിക്കറിയാം. സിനിമയിൽ അഭിനയിക്കുന്നത് ചിലർ പണത്തിനു വേണ്ടിയാണ്. സിനിമയോടുള്ള താല്പര്യം മൂലവും വരുന്നവരുണ്ട്. ഇങ്ങനെ വരുന്ന സ്ത്രീകൾ കഷ്ടപ്പെടുന്നത് കാണുമ്പോൾ മനസ്സിന് ഭയങ്കര വിഷമം ഉണ്ട്.
ലോകത്ത് എല്ലായിടങ്ങളിലും ഇത് സംഭവിക്കുന്നുണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്. സ്ത്രീകൾ എന്നും ഇരകളാണ്. പക്ഷേ അത് പറയാനുള്ള ധൈര്യം അവർക്ക് ഒരുകാലത്തും വന്നിട്ടില്ല. ആ ധൈര്യം ഇന്നത്തെ സ്ത്രീകൾ കാണിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
ഞാൻ സിനിമയിൽ സജീവമായിരുന്ന കാലത്ത് എന്നോട് ആരും പരാതികൾ ബോധിപ്പിച്ചിട്ടില്ല. എന്നാൽ വീട്ടിലിരിക്കുന്ന സമയത്താണ് ചില നടിമാർ ഇതേപ്പറ്റി സംസാരിക്കുന്നത്. അവർക്കൊന്നും വന്നത് പുറത്തുപോയി പറയാൻ ഒരു സ്ഥലമില്ലായിരുന്നു. പുറത്തുപോയി പറയണമെങ്കിൽ അവർ ആരോട് പറയും? ഇന്നാണെങ്കിൽ തുറന്നു പറയാൻ ഡബ്ലിയുസിസി ഉണ്ട്. എല്ലാ സ്ത്രീകളും തുറന്നുപറയണം. ഞങ്ങളെല്ലാം നിങ്ങളുടെ പുറകെ ഉണ്ട്. ഹേമ കമ്മിറ്റി വന്നതിനുശേഷമാണ് ഇതെല്ലാം പുറത്തുവന്നത്.
content highlight : actress-sheela-on-hema-committee-report