കളമശേരി: എച്ച്എംടി ജംക്‌ഷനിൽ സ്വകാര്യബസ് കണ്ടക്ടർ അനീഷ് പീറ്ററിനെ (25) കുത്തിക്കൊലപ്പെടുത്തിയ ഗ്ലാസ് ഫാക്ടറി നഗർ ചാമപ്പറമ്പിൽ മിനൂപിനെ (28) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു അനീഷിനെ കൊലപ്പെടുത്തിയത്. കൊച്ചി സിറ്റി പരിധിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മിനൂപിനെതിരെ പോക്സോ, സ്ത്രീകൾക്കെതിരെയുള്ള അക്രമം, പൊലീസിനു നേരെയുള്ള ആക്രമണം തുടങ്ങിയ കേസുകളുണ്ട്.
ഏലൂർ പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിൽ പ്രതിയായ ഇയാൾ ഒന്നരവർഷം മുൻപ് ഒളിവിൽ പോയതാണ്. ബെംഗളൂരുവിൽ ആണെന്നുള്ള വിവരം ലഭിച്ച് അവിടെയും അന്വേഷണം നടത്തിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ദിവസങ്ങൾക്കു മുൻപ് നാട്ടിലെത്തിയതറിഞ്ഞു പൊലീസ് കളമശേരിയിലും പരിസരങ്ങളിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ എച്ച്എംടി ജംക്‌ഷനിൽ ഭാര്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തി ഇയാൾ ബഹളമുണ്ടാക്കിയിരുന്നു. മിനൂപും ഭാര്യയുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്നും ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. അക്രമത്തിനു ശേഷം ഓടി രക്ഷപ്പെട്ട മിനൂപിനെ പിടിക്കാൻ ഡിസിപി കെ.എസ്.സുദർശൻ, അസി.കമ്മിഷണർ ബേബി, ഇൻസ്പെക്ടർ എം.ബി.ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കളമശേരി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ പൊലീസിനെ കണ്ട പ്രതി അവിടെ നിന്ന് ഓടി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. മറുകരയിൽ കയറിയ പ്രതിയെ പൊലീസ് സാഹസികമായാണു കീഴ്പെടുത്തിയത്. എസ്ഐമാരായ സി.ആർ.സിങ്, സെബാസ്റ്റ്യൻ പി.ചാക്കോ, വി.വിഷ്ണു എന്നിവരും സംഘവുമാണ് ഇയാളെ പിടികൂടിയത്.