എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ എഡിജിപിയെ കൂടി വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഏതു കാര്യവും അതിന്റെ ശരിയായ മെറിറ്റില്‍ പരിശോധിക്കുന്ന നിലയാണ് സര്‍ക്കാരിനുള്ളത്. ഇക്കാര്യത്തില്‍ ഒരു മുന്‍വിധിയും സര്‍ക്കാരിനില്ല. ചില പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അത് അതിന്റേതായ ഗൗരവം നിലനിര്‍ത്തിക്കൊണ്ടു തന്നെ അന്വേഷിക്കും. ഏറ്റവും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ് സേനയില്‍ അച്ചടക്കം വളരെ പ്രധാനമാണ്. അച്ചടക്കത്തിന് നിരക്കാത്ത ഏതെങ്കിലും പ്രവൃത്തി ചെയ്താല്‍ ഒരുഘട്ടത്തിലും വെച്ചുപൊറുപ്പിക്കില്ല. അതുമായി ബന്ധപ്പെട്ട നടപടികള്‍ പ്രത്യേകമായി ഉണ്ടാകും. ഏതെങ്കിലും അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തി കണ്ട് എനിക്കും ഇങ്ങനെ ആയിക്കളയാം എന്ന് ആരും ധരിച്ചേക്കരുത്. അതിന്റെ ഫലം തിക്തമായിരിക്കുമെന്ന് ഓര്‍മ്മ വേണം. മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പൊലീസ് സേനയിലുള്ളവര്‍ അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞകാലം പരിശോധിച്ചാല്‍ കേരള പൊലീസ് സേനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരളത്തിലെ പൊലീസ് സേന എത്തിയിരിക്കുന്നു. മുമ്പ് ഇടയ്ക്കിടെ ക്രമസമാധാന നിലവിളികള്‍ ഉയരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭദ്രമായ സാമൂഹ്യജീവിതം നിലനിര്‍ത്താന്‍ കഴിഞ്ഞു. ഇതില്‍ പ്രധാനമായ പങ്കാണ് പൊലീസ് സേനയിലെ ഓരോ അംഗങ്ങളും വഹിക്കുന്നത്. ശാസ്ത്രീയമായ കുറ്റാന്വേഷണത്തിനും പൊലീസ് മികവു തെളിയിച്ചു. കാലങ്ങളായി തെളിയാതെ കിടന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കാനായി. ലഹരി റാക്കറ്റുകളെ ഇല്ലായ്മ ചെയ്യാനും കേരള പൊലീസിന് കഴിയുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുന്നു. എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലീസ് സേനയ്ക്ക് കഴിയുന്നുണ്ട്. ഇതെല്ലാം വലിയ മാറ്റങ്ങളാണ്.
നീതി തേടി പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ നീതി ലഭിക്കുമെന്ന പൊതു വിശ്വാസമുണ്ട്. എന്നാല്‍ ഇതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരുപറ്റവും പൊലീസ് സേനയിലുണ്ട്. പൊലീസ് നേടിയ സല്‍പ്പേരിനെ ഇത്തരക്കാര്‍ കളങ്കപ്പെടുത്തുന്നു. ഇവര്‍ സേനയ്ക്കാകെ അപമാനം വരുത്തിവെക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരക്കാരെ സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ വിവരമുണ്ട്. ഇത്തരക്കാരെ പൊലീസ് സേനയ്ക്ക് വേണ്ട എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇത്തരത്തിലുള്ള പുഴുക്കുത്തുകളെ പൊലീസ് സേനയില്‍ നിന്നും ഒഴിവാക്കാന്‍ തയ്യാറായിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇത്തരത്തില്‍ 108 പൊലീസുകാരെ പുറത്താക്കിയിട്ടുണ്ട്. ഈ നിലപാട് സര്‍ക്കാര്‍ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.