കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ മേമുണ്ട എന്ന സ്ഥലത്താണ് ലോകനാര്‍കാവ് സ്ഥിതി ചെയ്യുന്നത്. . ലോകനാര്‍കാവ് എന്നത് ലോകമലയാര്‍കാവ് എന്നതിന്റെ ചുരുക്കപ്പേരാണ്. കേരളത്തിലേയ്ക്ക് കുടിയേറിയ ആര്യപാരമ്പര്യത്തില്‍പ്പെട്ടവരുടെയും അവരുടെ പിന്‍തലമുറക്കാരുടെയും കുടുംബക്ഷേത്രമാണ് പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രം.മുന്ന് ക്ഷേത്രങ്ങളടങ്ങുന്ന ഒരു സമുച്ചയമാണ് ലോകനാര്‍കാവ്.
വടക്കു ഭാഗത്തായി ശിവക്ഷേത്രവും അതിനു തൊട്ടടുത്തായി വിഷ്ണുക്ഷേത്രവുമുണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീ ക്ഷേത്രത്തേക്കാള്‍ പഴയതാണ്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാ ദേവിയാണ്. ദുര്‍ഗ്ഗ, ശിവന്‍, വിഷ്ണു എന്നീ മൂന്നു ശക്തികളും അടുത്തടുത്തായി ഉളള വൈഷ്ണവ ശാക്തയ ശൈവ സങ്കല്‍പ്പങ്ങളുടെ സമന്വയം സാക്ഷാല്‍ക്കരിച്ച അപൂര്‍വ ക്ഷേത്രമാണ് ലോകനാര്‍കാവ്. വിഷ്ണുക്ഷേത്രം, ശിവക്ഷേത്രം, ഭഗവതിക്ഷേത്രം എന്നിങ്ങനെ ത്രിമൂര്‍ത്തികളുടെ ക്ഷേത്രമാണെങ്കിലും അറിയപ്പെടുന്നത് ലോകനാര്‍കാവ് എന്നാണ്.
ക്ഷേത്രപ്പറമ്പിലേക്ക് കയറുമ്പോള്‍ വലിയ ഒരു കുളം കാണാം. വെട്ടുകല്ലുകൊണ്ടാണ് ഈ കുളം നിര്‍മ്മിച്ചിരിക്കുന്നത്. ഗംഭീരമായ ചുമര്‍ചിത്രങ്ങളും തടി ശില്‍പങ്ങളും കലാപരമായ പൈതൃകത്തിന്റെ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ വരച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ദേവീദേവന്മാരുടെ ചിത്രങ്ങള്‍ ഇവിടെയുണ്ട്. പ്രകൃതിദത്തമായ നിറങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. പൂരം ആണ് ഇവിടുത്തെ പ്രധാന ഉത്സവം, അത് വളരെ ആഡംബരത്തോടെയും ആര്‍ഭാടത്തോടെയും നടത്തപ്പെടുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവം കൊടിയേറ്റത്തോടെ ആരംഭിച്ച് ആറാട്ടോടെ സമാപിക്കും. ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി മലബാറിലെ പ്രശസ്തമായ ആചാരപരമായ കലാരൂപമായ പൂരക്കളി ഇവിടെയാണ് അവതരിപ്പിക്കുന്നത്.
രാവിലെ 5.00 മുതല്‍ 11.30 വരെയും വൈകുന്നേരം 5.00 മുതല്‍ 08.00 വരെയും ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം.
പ്രശസ്ത ആയോധനകല പോരാളിയായ തച്ചോളി ഒതേനന്‍, കര്‍ണാടക സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവര്‍ ലോകനാര്‍കാവിലമ്മയുടെ ഭക്തരായിരുന്നു. ലോകനാര്‍കാവില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള മേപ്പയില്‍ ആണ് ഒതേനന്റെ ജന്മസ്ഥലം. ഒതേനന്‍ എവിടെ പോയാലും അമ്മ എപ്പോഴും കൂടെ നിന്നിരുന്നതായി പറയാറുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ജനിച്ചത് ലോകനാര്‍കാവ് പ്രദേശത്താണ്. അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ചത് ക്ഷേത്രമുറ്റത്താണെന്നും പറയുന്നു. തന്റെ ആദ്യ സംഗീത പാഠങ്ങള്‍ പഠിച്ചത് അമ്മയുടെ തിരുമുറ്റത്ത് വെച്ചാണ്.
വടകരയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ മേമുണ്ടയിലാണ് ലോകനാര്‍കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേശീയ പാത 17 വടകരയിലൂടെ കടന്നുപോകുന്നു, ഈ സ്ഥലം കോഴിക്കോട് നിന്ന് 48 കിലോമീറ്റര്‍ വടക്കാണ്. കെഎസ്ആര്‍ടിസിയും നിരവധി സ്വകാര്യ ബസ് ഉടമകളും മേമുണ്ടയിലേക്ക് പതിവായി ബസ് സര്‍വീസ് നടത്തുന്നുണ്ട്.
STORY HIGHLIGHTS: Lokanarkavu Temple,Kozhikode
















