Thiruvananthapuram

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന സ്ട്രീറ്റ് ലൈറ്റ്; കരമന മുതല്‍ പ്രവാച്ചമ്പലം വരെ ഇനി റോഡില്‍ പുതുവെളിച്ചം

സംസ്ഥാനത്ത് ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രകാശം നിയന്ത്രിക്കാവുന്ന സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന റോഡായി കരമന-കളിയിക്കാവിള ദേശീയ പാതയിലെ കരമന പ്രാവച്ചമ്പലം ഭാഗം മാറി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് അത്യാധുനിക തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കരമനയില്‍ നിന്നുമാരാഭിച്ച് പ്രാവച്ചമ്പലം വരെ നീളുന്ന 6 കിലോമീറ്ററോളം വരുന്ന പാതയില്‍ മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചത്. 184 തൂണുകളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 170 എണ്ണത്തില്‍ ഇരുവശത്തും ബള്‍ബുകള്‍ ഉണ്ട്. കരമന പാലത്തിന് സമീപത്തായി ഒരു ബള്‍ബ് മാത്രമുള്ള 14 തൂണും ഉണ്ട്. കൂടാതെ കരമന പാലത്തോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള പാര്‍ക്കില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി 15 ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ നിയന്ത്രണം സ്മാര്‍ട്ട് കണ്‍ട്രോള്‍ സിസ്റ്റം വഴിയാണ്. ഇതനുസരിച്ച് വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ആവശ്യമനുസരിച്ച് ബള്‍ബുകളുടെ പ്രകാശം കൂട്ടാനും കുറയ്ക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത് ചെയ്യാനാവുമെന്നതും ഗുണകരമാണ്. നേമം, കാരയ്ക്കാമണ്ഡപം, പാപ്പനംകോട് എന്നിവിടങ്ങളിലാണ് ഇതിന്റെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ ഉള്ളത്. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപ ചെലവഴിച്ച് പണി പൂര്‍ത്തീകരിച്ചത്. ഇതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി. പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലൈറ്റുകള്‍ക്ക് പുറമേ റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനില്‍ ബാരിയറും സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ബാരിയറുകള്‍ സ്ഥാപിച്ചത്. നിശ്ചിത പോയിന്റുകളില്‍ നിന്നും മാത്രമെ കാല്‍ നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കഴിയുകയുളളു. ഇതിന് നാട്ടുകാരുടെ ഇടയില്‍ നിന്നും വലിയ എതിര്‍പ്പുണ്ടായങ്കിലും സ്ഥാപിച്ച നടപടിയില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് പിന്നോട്ട് പോയിട്ടില്ല.

കരമന-കളിയിക്കാവിള പാതയില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചില്ലെങ്കിലും എഐ ക്യാമറകള്‍ നിരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയം ഇരിക്കുന്ന സ്ഥലമാണ് സ്ഥിരം അപകട മേഖല. അശാസ്ത്രീയമായ മീഡിയന്‍ നിര്‍മ്മാണമാണ് അപകടം വരാന്‍ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. നാട്ടുകാര്‍ പരാതി പറഞ്ഞതിനെത്തുടര്‍ന്നാണ് ഇവിടെ മീഡിയന്‍ മുറിച്ച് വാഹനങ്ങളെ കടത്തിവിട്ടു തുടങ്ങിയത്. ഇതോടെ ഈ സ്ഥലം അപകട മേഖലയായി മാറി. പ്രാവച്ചമ്പലം മുതല്‍ കൊടിനടവരെയുള്ള സ്ഥലത്ത് വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അവയില്‍ പലതും ഇപ്പോള്‍ കത്തുന്നില്ല. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.

Latest News