ഓണത്തിന് സപ്ലൈകോ സംസ്ഥാന വ്യാപകമായി 5 മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5ന് മുഖ്യമന്ത്രി നിര്‍വഹിക്കും. സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് / നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ ലഭിക്കുമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.
ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്‌സിഡി സാധനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ സപ്ലൈകോ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്ലൈറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ നല്‍കി. നിലവില്‍ സപ്ലൈകോ വില്പനശാലകളില്‍ ദൗര്‍ലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വില്‍പന ശാലകളിലും എത്തിക്കും.
പ്രമുഖ ബ്രാന്‍ഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍വിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. നെയ്യ്, തേന്‍, കറിമസാലകള്‍, മറ്റു ബ്രാന്‍ഡഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പ്രധാന ബ്രാന്‍ഡുകളുടെ ഡിറ്റര്‍ജെന്റുകള്‍, ഫ്‌ലോര്‍ ക്ലീനറുകള്‍, ടോയ്ലറ്ററീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വിലക്കുറവ് നല്‍കും. 255 രൂപയുടെ ആറ് ശബരി ഉല്‍പ്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കുന്ന ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്ന പ്രത്യേക പാക്കേജും ഉണ്ടാവും. വിവിധ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്‌സ് സ്‌കീം നടപ്പാക്കും.
ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെ ആയിരിക്കും ഇത്. പ്രമുഖ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കോമ്പോ ഓഫറുകളും ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും ലഭ്യമാണ്. തിരുവനന്തപുരം ജില്ലയില്‍ ഓണത്തിനു മുമ്പ് സപ്ലൈകോയുടെ അഞ്ച് പുതിയ വില്‍പന ശാലകള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എന്‍പിഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.
ഓണക്കിറ്റുകള്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സെപ്റ്റംബര്‍ 9 മുതല്‍ വിതരണം തുടങ്ങും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് സെപ്റ്റംബര്‍ 10 മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കും. സംസ്ഥാനത്തെ എല്ലാ എന്‍പിഎസ് (നീല), എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും 10 കിലോ അരി 10.90 രൂപ നിരക്കില്‍ സ്‌പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബര്‍ മാസത്തെ റേഷനോടൊപ്പമാണ് മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാര്‍ഡുകാര്‍ക്കും 29.76 ലക്ഷം വെള്ള കാര്‍ഡുകാര്‍ക്കും ഉള്‍പ്പെടെ ആകെ 52.38 ലക്ഷം കാര്‍ഡുടമകള്‍ക്ക് പ്രയോജനം ലഭിക്കും.
സപ്ലൈകോ മുഖേന നിലവില്‍ നല്‍കി വരുന്ന അരി ഓണത്തോടനുബന്ധിച്ച് 10 കിലോ ആയി വര്‍ധിപ്പിക്കും. മഞ്ഞക്കാര്‍ഡുടമകള്‍ക്ക് നല്‍കി വന്നിരുന്ന ഒരു കിലോ പഞ്ചസാര വിതരണം പുനരാരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 4-ാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സെപ്റ്റംബര്‍ 4ന് കെ സ്റ്റോര്‍ എന്ന പദ്ധതി പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.
ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ നല്‍കുന്ന പ്രധാനപ്പെട്ട ഓഫറുകള്‍
- ITC Sunfeast, Sweet & Salt biscuit 80 രൂപ വിലയുള്ളത് 59.28 രൂപയ്ക്ക് ലഭിക്കും.
- ITC Sunfeast Yipee Noodles 84 രൂപ വിലയുള്ളത് 62.96 രൂപയ്ക്ക് ലഭിക്കും.
- ITC Moms Magic 50 രൂപ വിലയുള്ളത് 31.03 രൂപയ്ക്ക് ലഭിക്കും.
- Saffola Oats 1 KG 300 ഗ്രാം 230 രൂപ വിലയുള്ളത് 201.72 രൂപയ്ക്ക് ലഭിക്കും.
- Kelloggs Oats 190 രൂപ വിലയുള്ളത് 142.41 രൂപയ്ക്ക് ലഭിക്കും.
- ബ്രാഹ്‌മിണ്‍സ് അപ്പം / ഇടിയപ്പംപൊടി 105 രൂപ വിലയുള്ളത് 84.75 രൂപയ്ക്ക് ലഭിക്കും.
- ഡാബര്‍ ഹണി ഒരു ബോട്ടില്‍ 225 ഗ്രാം 235 രൂപ വിലയുള്ളത് 223.25 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഒന്ന് ഫ്രീ.
- ഏരിയല്‍ ലിക്വിഡ് ഡിറ്റര്‍ജന്റ് രണ്ട് ലിറ്റര്‍ 612 രൂപ വിലയുള്ളത് 581.40 രൂപയ്ക്ക് ലഭിക്കും. കൂടാതെ 500 മി.ലി ഫ്രീ.
- നമ്പീശന്‍സ് നെയ്യ് 500 ഗ്രാം 490 രൂപ വിലയുള്ളത് 435.50 രൂപയ്ക്ക് ലഭിക്കും.
- നമ്പീശന്‍സ് നല്ലെണ്ണ 500 ഗ്രാം 225 രൂപ വിലയുള്ളത് 210 രൂപയ്ക്ക് ലഭിക്കും.
- ബ്രാഹ്‌മിണ്‍സ് ഫ്രൈഡ് റവ 1 കിലോ 120 രൂപ വിലയുള്ളത് 99 രൂപയ്ക്ക് ലഭിക്കും.
- ബ്രാഹ്‌മിണ്‍സ് ചമ്പാപുട്ടുപൊടി 1 കിലോ 140 രൂപ വിലയുള്ളത് 118 രൂപയ്ക്ക് ലഭിക്കും.
- ഈസ്റ്റേണ്‍ കായം സാമ്പാര്‍ പൊടി 52 രൂപ വിലയുള്ളത് 31.36 രൂപയ്ക്ക് ലഭിക്കും.
- സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ 4 കിലോ 450 രൂപ വിലയുള്ളത് 393.49 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഒരു ബക്കറ്റ് ഫ്രീ.
- സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ 4 കിലോ 445 രൂപ വിലയുള്ളത് 378.85 രൂപയ്ക്ക് ലഭിക്കും. കൂടാതെ 2 കിലോ ഫ്രീ.
- ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകള്‍) 150 രൂപ വിലയുള്ളത് 129.79 രൂപയ്ക്ക് ലഭിക്കും.
CONTENT HIGHLIGHTS; Supplyco’s fair from 5 to 14 to make Onam colorful