മാങ്ങ സീസണ്‍ ആയി കഴിഞ്ഞാല്‍ എല്ലാവരും വീടുകളില്‍ തയ്യാറാക്കുന്ന ഒരു വിഭവമാണ് പഴുത്തമാങ്ങ പുളിശ്ശേരി. പല സ്ഥലത്തും പല രീതിയിലാണ് ഇതിന്റെ കൂട്ടുകള്‍. എന്നാല്‍ കോവിലകം സ്‌റ്റൈലില്‍ പഴുത്ത മാങ്ങ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്ന് പറഞ്ഞു തരുകയാണ് പ്രിയ അഭിനേത്രി ഊര്‍മ്മിള ഉണ്ണി. ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് കോവിലകം സ്‌റ്റൈല്‍ പഴുത്ത മാങ്ങ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്ന് നടി പറഞ്ഞത്.
പഴുത്ത മാങ്ങ പുളിശ്ശേരി തയ്യാറാക്കുവാന്‍ ആവശ്യമുള്ള ചേരുവകള്‍
- പഴുത്ത മാങ്ങ
- തൈര്
- തേങ്ങ
- മുളകുപൊടി
- മഞ്ഞപ്പൊടി
- കറിവേപ്പില
- നെയ്യ്
- കടുക്
- വറ്റല്‍ മുളക്
- ശര്‍ക്കരപ്പാനി
തയ്യാറാക്കുന്ന വിധം
പഴുത്ത മാങ്ങാ തൊലി കളഞ്ഞ് പാത്രത്തിലിട്ട് അല്‍പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഒന്ന് നന്നായി തിളച്ചു കഴിയുമ്പോള്‍ ചെറിയ ഒരു വേവ് പോലെ അതില്‍ വരും. അതിനകത്തേക്ക് നല്ലപോലെ ശര്‍ക്കരപ്പാനി ഒഴിക്കുക. ശര്‍ക്കരപ്പാനിയും ഈ മാങ്ങയും കൂടി വഴറ്റിയ പോലെ എടുക്കണം. അപ്പോള്‍ അതെല്ലാം ഒരു കുഴഞ്ഞ പരിവത്തില്‍ നമുക്ക് ലഭിക്കും. ശേഷം ഇതിലേക്ക് കുറച്ച് നെയ്യ് ഒഴിക്കണം അപ്പോള്‍ നെയ്യുടെ മണം ആ മാങ്ങയിലോട്ട് പിടിക്കും. വീണ്ടും ഈ മിശ്രിതം നന്നായി വഴറ്റുക.
ശേഷം ഇതിലേക്ക് ഒരുപിടി തേങ്ങയും കുറച്ച് തൈരും കുറച്ചു മഞ്ഞപ്പൊടി കുറച്ചു മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. തൈര് എടുക്കുമ്പോള്‍ പുളിയുള്ള തൈര് എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഈ കൂട്ട് വഴറ്റി വച്ചിരിക്കുന്ന മാങ്ങയിലേക്ക് ഒഴിക്കുക. ശേഷം കടുക്, വറ്റല്‍മുളക്, ഉലുവ എന്നിവ നെയില്‍ വറുത്തെടുക്കണം ശേഷം ഇവ വഴറ്റിവെച്ചിരിക്കുന്ന മാങ്ങായിലേക്ക് ചേര്‍ത്ത് ഇളക്കുക. പാകത്തിന് ഉപ്പും ഇതിലേക്ക് ചേര്‍ത്ത് കൊടുക്കാം. ശേഷം ആവശ്യത്തിനുള്ള കറിവേപ്പിലയും കൂടിയിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. നല്ല കോവിലകം സ്‌റ്റൈല്‍ പഴുത്ത മാങ്ങ പുളിശ്ശേരി തയ്യാര്‍.
Story highlights: Kovilakam Style Pazhuthamaga Pulisseri