ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായ സംഭവത്തില്‍ കുഞ്ഞിനെ കൊന്നെന്ന് ആണ് സുഹൃത്തിന്റെ മൊഴി. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയത് രതീഷിന്റെ വീട്ടിലാണെന്നും വെളിപ്പെടുത്തി. വിരലടയാള വിദഗ്ധര്‍ പോലിസ് സ്റ്റേഷനില്‍ എത്തി.
സംഭവത്തിൽ കുട്ടിയുടെ അമ്മ ആശയേയും സുഹൃത്ത് രതീഷിനെയും കസ്റ്റഡിയിലെടുത്തു. രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം സ്വദേശിനി ആശ ഓഗസ്റ്റ് 31 നാണ് പ്രസവശേഷം വീട്ടിലെത്തിയത്. യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.
കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കറാണ് പോലീസിൽ വിവരം അറിയിച്ചത്. പിന്നീട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവർ ചോദിച്ചപ്പോൾ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്ന് പറഞ്ഞു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ അഡ്മിഷന് വിവരങ്ങള്‍ ലഭിക്കുകയും കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഡിസ്ചാര്‍ജായി പോകുന്ന സമയത്ത് യുവതിയുടെ കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവല്ലെന്നും മറ്റൊരു യുവാവാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.
യുവതി ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. വയറ്റില്‍ മുഴ ആണെന്നാണ് വീട്ടില്‍ പറഞ്ഞത് , ബൈസ്റ്റാന്‍ഡറായി ആശുപത്രിയില്‍ നിന്നത് വാടകയ്ക്ക് നിര്‍ത്തിയ സ്ത്രീ ആണെന്നും വളര്‍ത്താന്‍ നിവര്‍ത്തിയില്ലാത്ത കൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്നുമാണ് യുവതി പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ ഷില്‍ജ വ്യക്തമാക്കിയിരുന്നു.
കസ്റ്റഡിയിലുള്ള ഇരുവരെയും രതീഷിന്റെ വീട്ടിൽ എത്തിച്ച് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.