തിരുവനന്തപുരം: എൻസിപിയിൽ നിർണായക നീക്കങ്ങൾ. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ സമ്മർദമേറി. ഇന്നലെ രാത്രി എറണാകുളത്ത് ജില്ലാ പ്രസിഡന്റുമാരുടെ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ.
എ.കെ. ശശീന്ദ്രനൊപ്പം നിലനിന്നിരുന്ന പി.സി. ചാക്കോ, തോമസ് കെ.തോമസിനൊപ്പം ചേർന്നതായാണ് വിവരം. രണ്ടര വർഷം കഴിഞ്ഞാൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് തോമസ് കെ.തോമസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉടന്‍ ശരദ് പവാറിനെ നേരില്‍ കണ്ട് ധരിപ്പിക്കും.
പി സി ചാക്കോ ഡല്‍ഹിയിലെത്തി ഈ മാസം അഞ്ചിന് ശരദ് പവാറിനെ കാണുമെന്നും വിവരമുണ്ട്. മന്ത്രി സ്ഥാനമൊഴിയാന്‍ എ കെ ശശീന്ദ്രനുമേല്‍ എന്‍സിപി സംസ്ഥാന നേതൃത്വം ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്. ശരദ് പവാര്‍ എ കെ ശശീന്ദ്രനുമായി സംസാരിക്കുമെന്നാണ് വിവരം.
എന്നാല്‍ തന്റെ അറിവില്‍ അങ്ങനെ യാതൊരു നീക്കവും നടന്നിട്ടില്ലെന്നും മന്ത്രി സ്ഥാനമൊഴിയാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എ കെ ശശീന്ദ്രന് പ്രതികരിച്ചു.
രണ്ടരവർഷം കഴിയുമ്പോൾ ശശീന്ദ്രൻ മാറണമെന്ന് ധാരണയുണ്ടെന്നും അതു നടപ്പിലാക്കണമെന്നാണ് തോമസ് കെ. തോമസ് എംഎൽഎയെ പിന്തുണയ്ക്കുന്നവർ പറയുന്നു. എന്നാൽ ഇങ്ങനെയൊരു ധാരണ ഉള്ളകാര്യം തനിക്ക് അറിയില്ലെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി ഉയർത്തിയതായും സൂചനയുണ്ട്.
വിഷയത്തിൽ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ അന്തിമ തീരുമാനം എടുക്കും. സെപ്റ്റംബർ അഞ്ചിന് ഇതുസംബന്ധിന്ന് ശശീന്ദ്രനുമായും തോമസ് കെ. തോമസുമായും പവാർ ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.