തിരുവനന്തപുരം: പി.വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങളെ തുടര്‍ന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റും. എഡിജിപിമാരായ ബൽറാം കുമാർ ഉപാധ്യായ, എച്ച്. വെങ്കടേഷ്, എസ്.ശ്രീജിത്ത് എന്നിവരാണ് പകരം പരിഗണനയിലുള്ളത്.
പി.വി.അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിലാണ് പത്തനംതിട്ട എസ്.പി സുജിത് ദാസിനെ സസ്പെന്റ് ചെയ്യുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ ചുമതല ഡിജിപിമാരായ കെ.പത്മകുമാറിനോ യോഗേഷ് ഗുപ്തയ്ക്കോ നൽകും.
സുജിത് ദാസിനെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാർശ ആഭ്യന്തര വകുപ്പ് നൽകിയിരുന്നു. സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി.
മലപ്പുറം എസ്പി ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചതിന്റെ പേരിലും നിലമ്പൂർ എംഎൽഎ പി.വി അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നുമാണ് എസ്പി സുജിത് ദാസ് വിവാദത്തിലായത്. പത്തനംതിട്ട ജില്ലാപൊലീസ് മേധാവി സ്ഥാനത്ത് തുടരുന്ന സുജിത്ദാസ് മൂന്ന് ദിവസത്തെ അവധി എടുത്ത് മാറിനിന്നിരുന്നു. മലപ്പുറം എസ്പി ആയിരിക്കെ നടന്ന മരംമുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതോടെ വകുപ്പുതല അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ് അവധിയിൽ പോയത്.
എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ പരാമർശിക്കുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് വിവാദം തുടങ്ങിയത്. ഒരു തേക്കും മഹാഗണിയുമാണ് മുറിച്ചുമാറ്റിയത്. എഡിജിപിയെ കാണാൻ പോയ സുജിത്ദാസിന് അനുമതി ലഭിച്ചിരുന്നില്ല. എസ്പിയുടെ വിവാദ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾത്തന്നെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. അതു പ്രകാരമാണ് ഇന്നലെ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞമാസം പതിനാറിനാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്.