കായിക കേരളത്തിന് കുതിപ്പേകി കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ പതിപ്പിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമായി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ടോസ് നേടിയ ആലപ്പുഴയുടെ ബൗളിങോടെയാണ് മല്‍സരങ്ങള്‍ക്ക് തുടക്കമായത്. തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി ആലപ്പുഴ റിപ്പിള്‍സ് ആദ്യമല്‍സരം വിജയിച്ചു. 92 റണ്‍സുമായി ആലപ്പുഴയുടെ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍ ആദ്യ കളിയില്‍ മാന്‍ ഓഫ് ദി മാച്ചായി.
ആറരയ്ക്ക് നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ മുഖ്യാതിഥിയായി. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായകന്‍ അരുണ്‍ വിജയ് ആലപിച്ചു. വനിതാ ക്രിക്കറ്റ് ഗുഡ് വില്‍ അംബാസിഡര്‍ കീര്‍ത്തി സുരേഷ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍ എന്നിവര്‍ പങ്കെടുത്തു. കായികകേളിയ്ക്ക് കലയുടെ നിറച്ചാര്‍ത്തേകുന്നതായിരുന്നു 60 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ദൃശ്യവിരുന്ന്. തുടര്‍ന്ന് അബ്ദുല്‍ ബാസിത് നയിക്കുന്ന ട്രിവാന്‍ഡ്രം റോയല്‍സും ബേസില്‍ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേര്‍സും തമ്മിലുള്ള മല്‍സരം നടക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സും ഏരീസ് കൊല്ലം സെയ്ലേഴ്‌സും ഏറ്റുമുട്ടും.
6.45നുള്ള രണ്ടാമത്തെ മല്‍സരത്തില്‍ ആലപ്പി റിപ്പിള്‍സും ട്രിവാന്‍ഡ്രം റോയസല്‍സും തമ്മിലാണ് കളി. സെപ്റ്റംബര്‍ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. 17 ന് സെമി ഫൈനല്‍. സെപ്റ്റംബര്‍ 18 ന് നടക്കുന്ന ഫൈനലില്‍ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയിയെ നിശ്ചയിക്കും. മത്സരങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഒടിടി പ്ലാറ്റാഫോമായ ഫാന്‍കോഡിലും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.
Content Highlights; Kerala Cricket League Twenty20 matches begins