ഡൽഹി: തനിക്കെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തിയ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാൽ എംപി. സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിക്കട്ടെ. തന്റെ പേരിലുള്ള കേസ് അഞ്ചുകൊല്ലം കേരള പൊലീസ് അന്വേഷിച്ചു. നാലുകൊല്ലം സിബിഐ അന്വേഷിച്ചു. കോടതി മുൻപാകെ വന്നു. അപ്പോഴൊന്നും താൻ ആരെയും ഭയന്നിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സോളാർ കേസിൽ കെ സി വേണുഗോപാലിനെതിരെ മൊഴി കൊടുക്കാതിരിക്കാൻ എഡിജിപി എം ആർ അജിത്ത് കുമാർ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പി വി അൻവർ ആരോപണം ഉന്നയിച്ചത്. ഈ ആരോപണം ശരിവെച്ച് സോളാർ കേസിലെ പരാതിക്കാരിയും രംഗത്തെത്തിയിരുന്നു.
അതേസമയം ആരോപണവിധേയരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവും കെ സി വേണുഗോപാല്‍ നടത്തി. അന്‍വറിന്റെ ആരോപണം ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, എഡിജിപി എന്നിവര്‍ക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമാണ്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്തിനാണ് എന്ന് ചോദിച്ച കെ.സി.വേണുഗോപാല്‍ ഫോണ്‍ ചോര്‍ത്തല്‍ രാഷ്ട്രീയ അനുവാദം ഇല്ലാതെ നടക്കില്ലെന്നും കെ സി ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണക്കടത്ത്, ഫോണ്‍ചോര്‍ത്തല്‍, കൊലപാതകം ഇതിലെല്ലാം ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കാണ് ഭരണകക്ഷി എംഎല്‍എ ആരോപിക്കുന്നത്. അയാളെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സഹായിക്കുന്നെന്നും എംഎല്‍എ പറയുന്നു. ഇത് ഗൗരവകരമായ ആരോപണമാണ്. ഇത്രയും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ എന്തിനാണ് സര്‍വീസില്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്തുകൊണ്ട് നടപടിയെടുക്കാതെ സംരക്ഷിക്കുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ചോര്‍ത്തല്‍ ഉന്നത രാഷ്ട്രീയ അനുമതിയില്ലാതെ നടക്കുമോ? ഈ ആരോപണം വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിക്കെതിരെയാണ്. ആഭ്യന്തരവകുപ്പിന്റെ പരാജയം ചൂണ്ടിക്കാണിക്കുന്ന ആരോപണം കൂടിയാണിതെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് അത്ഭുതകരമായ കാര്യമാണ്. ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിൽ വച്ചാണ്. അന്നത്തെ കൂടിക്കാഴ്ച പൊലീസിന്റെ ഏറ്റവും വലിയ പരാജയമാണ്. അതിത്രകാലം മൂടിവെച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിന്നെയും ആറുമാസം കഴിഞ്ഞാണ് പുറത്താക്കുന്നതെന്നും പുറത്താക്കൽ വിരോധാഭാസമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
എന്നാൽ കോൺഗ്രസ് വനിതാ നേതാവ് സിമി റോസ് ബെൽ ജോണിന്റെ ആരോപണത്തിൽ കെസി വേണുഗോപാൽ പ്രതികരിച്ചില്ല. അന്തസ്സും അഭിമാനവും ആഭിജാത്യവും ഉള്ള വനിതകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് സിമി റോസ് ബെൽ ജോൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച്’ കോൺഗ്രസ് പാർട്ടിയ്ക്കകത്തുമുണ്ടെന്നുമായിരുന്നു സിമി റോസിന്റെ പരാമർശം.