തൃശൂർ: ചലച്ചിത്ര സംഗീത സംവിധായകൻ മോഹൻ സിതാര ബി.ജെ.പിയിൽ ചേർന്നു. തൃശൂർ ബിജെപി ജില്ലാ നേതൃത്വമാണ് മെമ്പർഷിപ്പ് കാമ്പെയിന് തുടക്കമിട്ട് മോഹൻ സിതാരയ്ക്ക് അംഗത്വം നൽകിയത്. ബി.ജെ.പി തൃശൂർ ജില്ല പ്രസിഡന്റ് അഡ്വ. കെ കെ അനീഷ്കുമാറാണ് സംഗീത സംവിധായകനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ബി.ജെ.പി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി. മേനോൻ, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തൃശൂർ ജില്ലയിൽ ഏഴ് ലക്ഷം പേരെ അംഗമാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചാരണം.
രാജ്യത്തൊട്ടാകെ ബിജെപിയുടെ മെമ്പർഷിപ്പ് കാമ്പെയിന് ഇന്ന് തുടക്കമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദേശീയ തലത്തിൽ ഉദ്ഘാടനം നിർവഹിച്ചത്.
1986 ൽ “ഒന്നു മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധയകനായി മോഹൻ സിത്താര അരങ്ങേറിയത്. രാരീ രാരീരം രാരോ എന്നു തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം വൻ ഹിറ്റായി. 1989 ൽ കമല ഹാസൻ അഭിനയിച്ച ചാണക്യൻ എന്ന ഹിറ്റു ചിത്രത്തിലും മോഹൻ സിതാരയാണ് സംഗീതം പകർന്നത്.
ദീപസ്തംഭം മാഹാശ്ചര്യം,മഴവില്ല്,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,കരുമാടിക്കുട്ടൻ”, “ഇഷ്ടം,രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി,നമ്മൾ,കുഞ്ഞിക്കൂനൻ,സദാനന്ദന്റെ സമയം,മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപനവും, സ്വപനക്കൂട്, വാർ & ലൗ,കാഴ്ച,രാപ്പകൽ,തന്മാത്ര തുടങ്ങിയ ഒട്ടനവധി ഹിറ്റ് സിനിമകൾക്ക് സംഗീതം പകർന്നതും മോഹൻ സിത്താരയാണ്.