ഇടുക്കി: ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് നിബന്ധനകളോടെ സന്ദര്‍ശനം നടത്താന്‍ മൂന്നു മാസത്തേക്കാണ് അനുമതി നല്‍കിയത്. ഒരുസമയം 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം.
സുരക്ഷ പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴ മുന്നറിയിപ്പുകളായ ഓറഞ്ച്, റെഡ് അലർട്ടുകൾ നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം ഒഴിവാക്കും. ജനങ്ങളുടെ സുരക്ഷക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും.
സന്ദർശകരുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പൊലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ഹരിത പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്കരണം നടത്തുന്നതിന് മതിയായ സജ്ജീകരണങ്ങളും താല്‍ക്കാലിക ശുചിമുറി സംവിധാനങ്ങളും ഏര്‍പ്പെടുത്തും.