Kerala

ലൈംഗികപീഡന പരാതി; നടൻ ബാബുരാജിനെതിരേ കേസെടുത്തു

ഇടുക്കി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന ജൂനിയ‍ർ ആർടിസ്റ്റിൻ്റെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തു. ബാബുരാജിൻ്റെ ഇരുട്ടുകാനത്തുളള റിസോർട്ടിൽ വച്ചും എറണാകുളത്തെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

യുവതിയിൽ നിന്ന് ഫോൺവഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടി ബാബുരാജിൻ്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത് എന്നും തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. കേസിൻ്റെ വിശദാംശങ്ങൾ അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അടിമാലി പൊലീസ് അറിയിച്ചു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമാണെന്ന്‍ ബാബുരാജ് പറഞ്ഞു. 2019 ല്‍ താന്‍ മൂന്നാറില്‍ ആണ് താമസം. ആലുവയില്‍ അല്ല. ആലുവയിലെ വീട് മോശം അവസ്ഥയിലായിരുന്നു. 2020 കോവിഡ് സമയത്താണ് ആ വീട് നന്നാക്കി അവിടെ താമസിക്കുന്നത്. അമ്മയുടെ അടുത്ത ജനറല്‍ സെക്രട്ടറി താന്‍ ആകുമെന്ന് കരുതിയാണ് വെളിപ്പെടുത്തലെന്നും അദ്ദേഹം പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകളുമായി സിനിമാ മേഖലയില്‍ നിന്ന് നിരവധി സ്ത്രീകളാണ് രംഗത്തെത്തുന്നത്. ഇത്തരം പരാതികളില്‍ സിദ്ധിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരായ അന്വേഷണം പൊലീസ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Latest News