വരുന്ന 30 വർഷത്തിനകം സൗരോർജം കുറഞ്ഞ് ഭൂമി ചെറു ഹിമയുഗത്തിലേക്ക് കടക്കുകയാണെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഭൂമിയിൽ പലയിടത്തും തണുത്തുറഞ്ഞ കാലാവസ്ഥയും ഹിമക്കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. സൂര്യതാപവും സൗരോർജവും സാധാരണയിൽ ഏറ്റവും കുറഞ്ഞ അവസ്ഥയിലാകുന്നതിനെ തുടർന്ന് വിളകളുടെ വളർച്ചയെ വരെ അത് സാരമായി ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 200 കൊല്ലത്തിനിടെ ആദ്യമായാണ് സൗരോർജം ഇത്രയും കുറഞ്ഞ നിലയിൽ എത്തുന്നതെന്നാണ് നാസയിലെ ഗവേഷകർ അറിയിക്കുന്നത്.
വരാനിരിക്കുന്ന ചെറു ഹിമയുഗത്തിൽ സ്വതവേ തണുപ്പുള്ള സ്ഥലങ്ങളിൽ 12 മാസം വരെ ദൈർഘ്യത്തിൽ ഒരു ഡിഗ്രി സെൽഷ്യസിൽ താഴെ ശരാശരി താപനില അനുഭവപ്പെട്ടേക്കാമെന്ന് നോർത്തമ്പ്രിയ സർവകലാശാലയിലെ വിദഗ്ധയായ വാലന്റിന സർക്കോവ പറയുന്നു. സൂര്യൻ ശീതകാല നിദ്ര എന്ന അവസ്ഥയിലേക്ക് കടക്കുകയാണ്. ഇതോടെ അന്തരീക്ഷ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്നും പ്രൊഫസർ സാർക്കോവ കൂട്ടിച്ചേർത്തു. സൂര്യന്റെ ഉപരിതലത്തിൽ സൗരകളങ്കങ്ങൾ രൂപപ്പെടുന്നത് കുറയുന്നതിനാൽ ഭൂമി അടക്കമുള്ള ഗ്രഹങ്ങളിലേക്ക് പുറപ്പെടുവിക്കുന്ന ഊർജവും താപപ്രസരണവും വളരെ താഴ്ന്ന നിലയിലായിരിക്കും.
സാധാരണയായി 11 വർഷത്തിലൊരിക്കൽ സൂര്യന്റെ ഊർജ പ്രസരണം പരിമിതമായ നിലയിലെത്താറുണ്ട്. എന്നാൽ ഈ വർഷമുണ്ടാകുന്ന ഈ ഊർജ വ്യതിയാനം 200 വർഷത്തിലെ ഏറ്റവും കൂടിയ നിലയിൽ തണുപ്പ് അനുഭവപ്പെടുന്ന തരത്തിലായിരിക്കും. ഈ ശൈത്യാവസ്ഥ ഗുരുതരമായ പരിണതഫലങ്ങൾ ഉണ്ടാക്കുന്നതല്ല. എന്നിരുന്നാലും സൗരോർജം പൂർവസ്ഥിതിയിലെത്താൻ 2053 വരെ കാത്തിരിക്കേണ്ടി വരും. അടുത്ത കാലത്ത് കാനഡ,ഐസ്‌ലൻഡ് എന്നിവിടങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടത് ഈ പ്രക്രിയയുടെ ഭാഗമാണെന്നും പ്രഫസർ സർക്കോവ പറയുന്നു.1645 മുതൽ 1715 വരെയാണ് ഏറ്റവുമൊടുവിൽ സൗരോർജ പ്രസരണം താഴ്ന്ന നിലയിലെത്തിയത്. ഈ കാലയളവിൽ തേംസ് നദി, ആംസ്റ്റർഡാം കനാൽ എന്നിവിടങ്ങളിലെ ജലം പലപ്പോഴും തണുത്തുറഞ്ഞ അവസ്ഥയിലായിരുന്നു. 2025 ഓടെ ഇതിനു സമാനമായ സാഹചര്യങ്ങൾ ഇനിയും ഭൂമിയിൽ ഉണ്ടാകാമെന്നാണ് നാസയിലെ ഗവേഷകർ പറയുന്നത്.
STORY HIGHLLIGHTS: Earth about to enter 30-YEAR ‘Mini Ice Age’