സമുദ്രാന്തര്‍ഭാഗത്തു നിന്നും പെട്രോളിയം ഊറ്റിയെടുക്കുന്ന ഖനന കേന്ദ്രങ്ങള്‍ ലോകത്തിന്‍റെ പല ഭാഗത്തും കാണാൻ സാധിക്കും. കരപ്രദേശത്തോട് ചേര്‍ന്നും നടുക്കടലിലുമെല്ലാം ഇത്തരം റിഗ്ഗുകള്‍ എന്നു വിളിക്കപ്പെടുന്ന ഖനന കേന്ദ്രങ്ങള്‍ കാണാം. സമുദ്രജീവികള്‍ ധാരാളമായി കാണപ്പെടുന്ന പ്രദേശങ്ങള്‍ കൂടിയാകും ഇത്തരം റിഗ്ഗുകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍. ഇത്തരം റിഗ്ഗുകളില്‍ നിന്ന് ചോരുന്ന പെട്രോളിയം പലപ്പോഴും സമുദ്രജീവികളുടെ ജീവിതം ദുസ്സഹവും ദുരിതപൂര്‍ണവുമാക്കാറുണ്ട്. റിഗ്ഗുകളില്‍ നിന്നു മാത്രമല്ല പെട്രോളിയം വഹിച്ചു പോകുന്ന കപ്പലുകളില്‍ നിന്നുള്ള ചോര്‍ച്ചയും സമുദ്ര ജീവികള്‍ക്കും, കടല്‍പക്ഷികള്‍ക്കുമെല്ലാം മരണക്കെണി യാകാറുണ്ട്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോളിയം ഇന്ധന ചോര്‍ച്ചയാണ് ബ്ലൂ വാട്ടര്‍ ഹൊറൈസണ്‍ എന്ന അമേരിക്കന്‍ റിഗ്ഗില്‍ ഉണ്ടായത്. 2011 ലുണ്ടായ ഈ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഡോള്‍ഫിനുകളില്‍ പഠനം നടത്തിയിരുന്നവര്‍ ഇവയിലുണ്ടായ സാരമായ മാറ്റങ്ങള്‍ കണ്ടെത്തി വിശദീകരിച്ചിരുന്നു. ഇന്ധന ചോര്‍ച്ചയുണ്ടായ മേഖലയിലെ ആയിരക്കണക്കിന് ഡോള്‍ഫിനുകള്‍ക്ക് പലവിധ കാരണങ്ങള്‍ മൂലം ഗര്‍ഭം ധരിക്കാന്‍ കഴിയുന്നില്ലെന്നും, ഗര്‍ഭവതികളായ ഡോള്‍ഫിനുകള്‍ക്ക് അവ അലസിപ്പോയെന്നും പഠനത്തില്‍ കണ്ടെത്തി. ബോട്ടില്‍ നോസ് എന്നു വിളിക്കുന്ന ഡോള്‍ഫിനുകളിലാണ് ഈ ദുരന്തത്തിന്‍റെ വ്യാപ്തി ഏറ്റവുമധികം കണ്ടെത്തിയത്. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ഡോള്‍ഫിനുകളുടെ പരിഭ്രാന്തിയും ന്യൂമോണിയയ്ക്ക് സമാനമായ ശ്വാസകോശ പ്രശ്നങ്ങളും, പെട്രോളിയം ഉള്ളില്‍ ചെന്നതു മൂലം ഗര്‍ഭം അലസിയതുമെല്ലാം ഡോള്‍ഫിനുകളുടെ പ്രജനനത്തെ സാരമായി ബാധിച്ചുവെന്നാണ് ഗവേഷകരുടെ വിശ്വാസം.
എന്നാല്‍ ഇക്കാര്യത്തില്‍ സാങ്കേതിക പരിമിതികള്‍ മൂലം ആ സമയത്ത് വിശദമായ പഠനം നടത്താന്‍ സാധിച്ചിരുന്നില്ല. പ്രത്യേകിച്ചും ഡോള്‍ഫിനുകളുടെ ഗര്‍ഭാവസ്ഥ അള്‍ട്രാസൗണ്ട് പോലുള്ള സ്കാനിങ് സംവിധാനത്തിലൂടെ മനസ്സിലാക്കുക അന്ന് സാധ്യമല്ലായിരുന്നു. ഇന്ന് സാങ്കേതിക വിദ്യ പുരോഗമിച്ചതോടെയാണ് ഇക്കാര്യത്തില്‍ വിശദമായ പഠനം ഗവേഷക സംഘം നടത്തിയത്. ഇന്നത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പെട്രോളിയം ചോര്‍ച്ച മൂലം ഡോള്‍ഫിനുകളിലുണ്ടായ ആഘാതം മാത്രമല്ല, ഡോള്‍ഫിനുകളില്‍ പൊതുവെ ഉണ്ടാകുന്ന ഗര്‍ഭാവസ്ഥയിലെ പ്രതിസന്ധികളും പഠിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തിലുള്ള പഠനം ഭാവിയില്‍ ഡോള്‍ഫിനുകളുടെ വംശത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാകുമെന്നാണു കരുതുന്നത്.
STORY HIGHLLIGHTS: First Detailed Ultrasound Images of Pregnant Dolphins Are Both Beautiful And Tragic