തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ ഡിജിപി ഷെയ്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് തന്നെയാണ് അന്വേഷണം നടത്തുക.
ഡിജിപിയെ കൂടാതെ ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പിമാരായ മധുസൂദൻ, ഷാനവാസ് എന്നിവരടങ്ങുന്ന ഉന്നതല സംഘമാണ് അന്വേഷണം നടത്തുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെയാണ് ഉന്നത തല സംഘം അന്വേഷണം നടത്തുക. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല.
എം.ആർ.അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ പി.ശശിയെയും മാറ്റേണ്ടി വരും. ഇത് പ്രതിപക്ഷം വലിയ ആയുധമാക്കും. ഇത് ഒഴിവാക്കാനാണ് ഇരുവരെയും നിലനിർത്തിക്കൊണ്ട് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
അതേസമയം, പി.വി അൻവർ ഗുരുതര ആരോപണം ഉയർത്തിയ പത്തനംതിട്ട എസ്.പി സുജിത് ദാസിനെ സ്ഥലംമാറ്റി. സുജിത് ദാസിന് പുതിയ തസ്തിക നൽകാതെയാണ് സ്ഥലംമാറ്റം. സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യാനാണ് ഉത്തരവ്. എഡിജിപി അജിത് കുമാറിന്റേതിന് സമാനമായി സുജിത് ദാസിനെതിരെയും നിലവിൽ സർക്കാർ കടുത്ത നടപടി സ്വീകരിച്ചിട്ടില്ല.