എടക്കര: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ തിങ്കളാഴ്ച ചാലിയാറില്‍നിന്ന് ഒരു ശരീരഭാഗംകൂടി കണ്ടെത്തി. പോത്തുകല്ല് അമ്പിട്ടാംപൊട്ടിയില്നിന്നാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. നായ് കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ നോക്കിയപ്പോഴാണ് ശരീരഭാഗമാണെന്ന് തിരിച്ചറിഞ്ഞതും പോത്തുകല്ല് പൊലീസില്‍ അറിയിച്ചതും.
ഞായറാഴ്ചയും അമ്പിട്ടാംപൊട്ടിയില്നിന്ന് ശരീരഭാഗം കണ്ടെത്തിയിരുന്നു. പുഴയോരത്തെ സ്വകാര്യ വ്യക്തികളുടെ കിണറുകളും ജലനിധി ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളുടെ കിണറുകളും ശുചീകരിക്കാന്‍ എത്തിയ ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് ശരീരഭാഗം കണ്ടെത്തിയത്.
80 മൃതദേഹങ്ങളും 175 ശരീരഭാഗങ്ങളുമാണ് ചാലിയാറില്‍ നിന്ന് കണ്ടെടുക്കാനായത്. ഇതില്‍ 41 പുരുഷന്മാരും 32 സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.