തിരുവനന്തപുരം: അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള റഗുലേറ്ററി കമ്മീഷന്‍റെ പൊതു തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. നിലവിലെ താരിഫിന്‍റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഉപഭോക്താക്കളില്‍ നിന്ന് സമ്മര്‍ താരിഫ് ഉള്‍പ്പെടെ പിരിക്കണമെന്ന ശിപാര്‍ശയാണ് കെഎസ്ഇബി കമ്മീഷന് സമര്‍പ്പിച്ചത്.
കോഴിക്കോടാണ് ആദ്യ തെളിവെടുപ്പ്. നാളെ പാലക്കാടും മറ്റന്നാള്‍ എറണാകുളത്തും 11-ാം തിയതി തിരുവനന്തപുരത്തും റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് സംബന്ധിച്ച് ജനങ്ങളെ കേള്‍ക്കും. ഈ വര്‍ഷം യൂണിറ്റിന് 30 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. അടുത്ത വര്‍ഷം 20 പൈസയും 26-27 സാമ്പത്തിക വര്‍ഷത്തേക്ക് 2 പൈസയും യൂണിറ്റിന് വര്‍ധിപ്പിക്കണം. ഇതുവഴി യഥാക്രമം 812 കോടി, 549 കോടി, 53.82 കോടി രൂപ എന്നിങ്ങനെ അധിക വരുമാനമാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെയാണ് വര്‍ഷം തോറും ജനുവരി മുതല്‍ മെയ് വരെ സമ്മര്‍താരിഫ് എന്ന് പേരില്‍ യൂണിറ്റിന് 10 പൈസ വച്ച് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനുള്ള ശിപാര്‍ശയും.
20 കിലോവാട്ടിന് മുകളില്‍ കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്കും 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പകല്‍ സമയത്തെ നിരക്കില്‍ 10 ശതമാനം കുറവ് നല്‍കുന്നതിനും ശിപാര്‍ശയുണ്ട്. സോളാര്‍ ഉപഭോക്താക്കള്‍ രാത്രിയില്‍ ഗ്രിഡില്‍ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി പ്രത്യേക താരിഫ് നിശ്ചയിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. പൊതു തെളിവെടുപ്പിലെ കാര്യങ്ങള്‍ കൂട്ടി കേട്ട ശേഷം ഈ മാസം അവസാനത്തോടെ പുതിയ നിരക്ക് കമ്മീഷന്‍ പ്രഖ്യാപിക്കും.