കൊൽക്കത്ത: ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ ബംഗാൾ നിയമസഭയിൽ ഇന്ന് അവതരിപ്പിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിയമനടപടി വേഗത്തിലാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. എല്ലാ അംഗങ്ങളോടും ഹാജരാകാൻ ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി അംഗങ്ങൾ ഇന്നലെ നിയമസഭയിൽ പ്രതിഷേധിച്ചു. കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ റാലി നടത്തി.
‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024’ എന്നാണ് ഇന്നു സഭയില്‍ അവതരിപ്പിക്കുന്ന ബില്ലിന് പേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയാകും ബിൽ ഇന്ന് സഭയിൽ അവതരിപ്പിക്കുക.
അതിനിടെ, കൊലപാതകത്തിൽ പങ്കില്ലെന്ന് അറസ്റ്റിലായ സഞ്ജയ് റോയ് നുണപരിശോധനയിലും ആവർത്തിച്ചെന്ന് അഭിഭാഷകൻ പറഞ്ഞു. സെമിനാറിൽ ഹാളിൽ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച യുവതിയുടെ ശരീരമാണ് കണ്ടതെന്നും ഭയം കൊണ്ടാണ് ഇത് പുറത്തുപറയാതിരുന്നതെന്നും പൊലീസ് സിവിക് വോളന്റിയർ കൂടിയായ സഞ്ജയ് റോയി പറഞ്ഞതായി അഭിഭാഷകൻ സൂചിപ്പിച്ചു. പ്രസിഡൻസി ജയിലിൽ അതീവസുരക്ഷയിലാണ് പ്രതിയെ താമസിപ്പിച്ചിട്ടുള്ളത്.
സംഭവം നടക്കുമ്പോൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയിരുന്ന സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളജിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 15 ദിവസത്തോളം സിബിഐ ഡോ. സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തിരുന്നു.