ജറുസലം: ബന്ദികളുടെ മോചനത്തിനു കരാറുണ്ടാക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലിൽ ജനകീയപ്രക്ഷോഭം. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ ‘ഹിസ്തഡ്രറ്റ്’ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെ മേഖലകൾ സ്തംഭിച്ചു. പ്രധാന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 2 മണിക്കൂറോളം തടസ്സപ്പെട്ടു. ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമാണു പണിമുടക്ക്.
റഫയിലെ തുരങ്കത്തിൽനിന്ന് 6 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിനു പിന്നാലെ ഞായറാഴ്ച വൈകിട്ട് പതിനായിരങ്ങളാണു നെതന്യാഹുവിനെതിരെ തെരുവിലിറങ്ങിയത്. ഇന്നലെ സർക്കാർസ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും പുറമേ വൻകിട മാളുകളും അടച്ചിട്ടു. ജറുസലമടക്കം ചില മേഖലകളെ പണിമുടക്ക് ബാധിച്ചില്ല. അതേസമയം, പണിമുടക്കു നിയമവിരുദ്ധമാണെന്നു ലേബർ കോടതി ഉത്തരവിട്ടു. പണിമുടക്കു രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ നിലപാടു ശരിവയ്ക്കുകയാണു കോടതി ചെയ്തത്.
ഒക്ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രയേലിൽനിന്ന് 250 പേരെയാണു ബന്ദികളാക്കിയത്. ഇതിൽ നവംബറിൽ വെടിനിർത്തൽ കരാർപ്രകാരം നൂറിലേറെ പേരെ വിട്ടയച്ചു. 35 പേർ തടവിൽ മരിച്ചു. 8 പേരെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചു. ശേഷിക്കുന്നവരെ തിരിച്ചെത്തിക്കാൻ ഹമാസുമായി വെടിനിർത്തൽ വേണമെന്നാണ് ആവശ്യം. കഴിഞ്ഞമാസങ്ങളിൽ വെടിനിർത്തൽ കരാറിനായി നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. അതേസമയം, ഗാസയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു.
അതേസമയം, ഗാസയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 പേരും ദെയ്റൽ ബലാഹിൽ കാർയാത്രക്കാരായ 4 പേരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥിക്യാംപിലെ സൈനിക നടപടി ഏഴാം ദിവസത്തിലേക്കു കടന്നു. മേഖലയിൽ ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാത്ത സ്ഥിതിയാണ്. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 40,786 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,224 പേർക്കു പരുക്കേറ്റു.