ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിനായി രഞ്ജിത്ത് ഹർജി നൽകി. രഞ്ജിത്തിൻ്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
രഞ്ജിത്തിനെതിരായി പരാതി നൽകിയ ബംഗാളി നടിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫിൽ നിന്നാണ് ഫാദർ ഇക്കാര്യം അറിയുന്നത്. അന്നു തന്നെ ഇക്കാര്യം ഫാദർ അഗസ്റ്റിൻ വട്ടോളിയുമായി പങ്കുവെച്ചിരുന്നുവെന്നും ഇത് പുറത്തറിയിക്കണമെന്ന് കരുതിയെങ്കിലും അത്തരത്തിലൊന്നും നടന്നില്ല. പിന്നീട് പരാതി വന്ന് കേസായ പശ്ചാത്തലത്തിലാണ് ജോഷി ജോസഫിന്റെ മൊഴിയ്ക്ക് പിന്നാലെ ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴിയും രേഖപ്പെടുത്തിയത്.
അതിനിടെ, രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.