എഡിജിപി എംആർ അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി പിവി അൻവർ എംഎൽഎ. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലേക്കാണ് പിവി അൻവർ എത്തിയിട്ടുണ്ട്. എഡിജിപിക്കെതിരെയുള്ള അന്വേഷണ സംഘത്തിൽ തൃപ്തിയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയെ കാണട്ടെ എന്നായിരുന്നു അൻവറിന്റെ മറുപടി. ഇന്നലെ വീണ്ടും എഡിജിപിക്കെതിരെ രംഗത്തെത്തിയ അൻവർ വെളിപ്പെടുത്തലുകൾ താൽക്കാലികമായി നിർത്തുകയാണെന്നും പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂർ നീണ്ട അന്തർ നാടകങ്ങൾക്കൊടവിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാർത്താ കുറിപ്പിറക്കിയത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എംആർ അജിത് കുമാർ വ്യക്തമാക്കിയത്.