കേരളത്തിലെ വയനാട്ടിലെ അമ്പലവയലിനടുത്തുള്ള ഒരു സ്ഥലമാണ് ചീങ്കേരി കുന്ന്. സാഹസിക വിനോദസഞ്ചാരവും ട്രെക്കിംഗും ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഈ സ്ഥലം അനുയോജ്യമായിരിക്കും. ചീങ്കേരി കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. കുന്നിന്‍ മുകളില്‍ നിന്നുകൊണ്ട് അമ്പുകുത്തി കുന്ന് കാണാം. കൂടാതെ ഇവിടെ നിന്നാല്‍ കാരാപ്പുഴ അണക്കെട്ട് പൂര്‍ണമായും കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ സാഹസിക വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ വയനാട്ടിലെ ചീങ്കേരി ഹില്‍സിന് കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കുന്നിന്‍ പ്രദേശമായതിനാല്‍ ചീങ്കേരിയെ ട്രെക്കിംഗ് പറുദീസ എന്ന് വിളിക്കാം.സമുദ്ര നിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ വയനാടിന്റെ ആകാശക്കാഴ്ചകള്‍ സാധ്യമാക്കുന്ന സ്ഥലമാണ് ചീങ്ങേരിമല. ചീങ്ങേരിമലയുടെ ഏറ്റവും പ്രധാന സവിശേഷത പുതുതായി തയ്യാറായിരിക്കുന്ന ചീങ്ങേരി റോക്ക് സാഹസിക ടൂറിസം ആണ്. സഞ്ചാരികളുടെ ശാരീരിക ക്ഷമത അടിസ്ഥാനമാക്കി വിവിധ തലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന ഗൈഡഡ് ട്രക്കിംഗ് ആണിത്. ബേസ് ക്യാംപിലെത്തി വിശ്രമിച്ചതിനു ശേഷം ട്രക്കിങ് ആരംഭിക്കാം. രണ്ട് കിലോമീറ്ററോളം ദൂരം മുകളിലേക്ക് നടക്കുന്നതാണ് ഈ ട്രക്കിംഗ്. വ്യത്യസ്ത ഗ്രൂപ്പുകളായിട്ടായിരിക്കും സഞ്ചാരികളെ മുകളിലേക്ക് കൊണ്ടുപോവുക.
ഇത് ഒരു സെമി-ഹാര്‍ഡ് ട്രെക്കിംഗ് ആണ്. നിങ്ങള്‍ക്ക് വയനാട്ടിലെ മികച്ച ട്രെക്കിംഗ് അനുഭവങ്ങളില്‍ ഒന്ന് അടുത്തറിയണമെങ്കില്‍ ഇവിടെയെത്തിയാല്‍ മതി. സൂര്യോദയവും സൂര്യാസ്തമയവും കാണാനുള്ള മികച്ച ഓപ്ഷന്‍ കൂടിയാണിവിടം. ചീങ്കേരി ഹില്‍ ട്രെക്കിംഗ് സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 6.00 മുതല്‍ രാവിലെ 9 വരെയും. ഇവിടെയെത്തിയാല്‍ കടുവാക്കുഴി വ്യൂ പോയിന്റ്, എടക്കല്‍ ഗുഹകള്‍, മഞ്ഞപ്പാറ വ്യൂ പോയിന്റ്, ഫാന്റം റോക്ക് എന്നിവിടങ്ങളിലേക്കും വേഗത്തില്‍ എത്തിച്ചേരാവുന്നതാണ്.രാവിലെ 6.00 മണി മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെയാണ് ചീങ്ങേരിമല ട്രക്കിങ്ങ് സമയം. മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 50 രൂപയും വീതമാണ് ട്രക്കിങ് ചാര്‍ജ് ആയി ഈടാക്കുന്നത്. സാധാരണ സഞ്ചാരികള്‍ക്ക് വൈകിട്ട് 4.00 മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് സാധാരണ പ്രവേശന നിരക്ക്. നിങ്ങള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നോ മൈസൂര്‍ ഭാഗത്ത് നിന്നോ വരുകയാണെങ്കില്‍, നിങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി – കൊളഗപ്പാറ – അമ്പലവയല്‍ വഴി പോകാം. അമ്പലവയല്‍ ടൗണ്‍ സര്‍ക്കിളില്‍ എത്തുന്നതിന് തൊട്ടുമുമ്പ്, നിങ്ങള്‍ക്ക് അമ്പലവയല്‍ – കാരാപ്പുഴ റൂട്ടില്‍ പോകാം. അമ്പലവയലില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ് ചീങ്കേരിമല.
STORY HIGHLIGHTS: Cheengeri Hills Wayanad