നടന്‍ അലക്‌സാണ്ടര്‍ പ്രശാന്തിന്റെ ഒരു അഭിമുഖം താന്‍ ഈയിടെ കണ്ടിരുന്നു എന്നും വളരെ ക്ലാരിറ്റിയോടെയാണ് അദ്ദേഹം സംസാരിച്ചതെന്നും പറയുകയാണ് മലയാളത്തിലെ പ്രിയ നടി പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനെ പിന്നാലെ വലിയ കോളിളക്കങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് വ്യക്തമായ മറുപടി പറഞ്ഞിരിക്കുകയാണ് പത്മപ്രിയ. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
‘നടന്‍ അലക്‌സാണ്ടര്‍ പ്രശാന്തിന്റെ ഒരു അഭിമുഖം ഞാന്‍ ഈയിടെ കണ്ടിരുന്നു. വളരെ ക്ലാരിറ്റിയോടെയാണ് അദ്ദേഹം സംസാരിച്ചത്. സംവിധാനത്തിലൂടെ ആളുകള്‍ക്കുള്ള പേടി മാറിയതുകൊണ്ട് മാത്രം കാര്യമില്ല. പരാതിയുമായി എത്തുന്നവരെ കേള്‍ക്കാനുള്ള ധൈര്യം നമുക്കുണ്ടാവണമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് വലിയ ബഹുമാനം തോന്നി അദ്ദേഹത്തോട്. അലക്‌സാണ്ടറിനെപ്പോലെയുള്ള ഇനിയും ഏറെപ്പേര്‍ സിനിമാ രംഗത്ത് ഉണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’ പത്മപ്രിയ പറഞ്ഞു.
മലയാള സിനിമയിലെ ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം അധികാര ശ്രേണിയാണെന്നും നടി കുറ്റപ്പെടുത്തി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ഭാവിയില്‍ ഇതൊന്നുമില്ലാതെ കാര്യക്ഷമമായി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടതെന്നും താരം വ്യക്തമാക്കി. സര്‍ക്കാര്‍ നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് എന്തിനെന്ന് അറിയില്ലെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: Padmapriya about Alexander Prasanth
















