പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും ശശിയെ മാറ്റണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കി.
പാര്‍ട്ടി സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍, അച്ചടക്ക നടപടി നേരിട്ട പി കെ ശശി കെടിഡിസി ചെയര്‍മാന്‍ അടക്കമുള്ള പദവികളില്‍ നിലനിര്‍ത്തുന്നത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് ജില്ലാ കമ്മിറ്റി പറയുന്നു. ഫണ്ട് ക്രമക്കേട് അടക്കം വിവിധ ആരോപണങ്ങളെത്തുടര്‍ന്നാണ് പി കെ ശശിയെ പാര്‍ട്ടിയിലെ തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കിയത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി കെ ശശിയെ ബ്രാഞ്ച് അംഗമായിട്ടാണ് തരംതാഴ്ത്തിയത്. മണ്ണാര്‍ക്കാട് സഹകരണ കോളജിന്റെ ഫണ്ട് ശേഖരണം, വിഭാഗീയത, ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരോപണങ്ങളിലാണ് ശശിക്കെതിരെ നടപടിയെടുത്തത്. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു അച്ചടക്ക നടപടി.