മികച്ച ഐടിഐ അധ്യാപകര്‍ക്കുള്ള ദേശീയ അധ്യാപക അവാര്‍ഡിന് സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിലെ രണ്ട് ഇന്‍സ്ട്രക്ടര്‍മാര്‍ അര്‍ഹരായി. കോഴിക്കോട് ഗവ. ഐടിഐയിലെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ രാധാകൃഷ്ണന്‍ പി.കെ, കൊയിലാണ്ടി ഗവ. ഐടിഐ യിലെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ മുഹമ്മദ് അക്ബര്‍ എന്നിവരാണ് 2024ലെ മികച്ച ഐടിഐ അദ്ധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ദേശീയതലത്തില്‍ നടക്കുന്ന ദീര്‍ഘകാല നൈപുണ്യ വികസന പരിശീലന പദ്ധതികളിലെ അദ്ധ്യാപകര്‍ക്കായി 9 ദേശീയ പുരസ്‌കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ അദ്ധ്യാപക ദിനമായ നാളെ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
കോഴിക്കോട് ഗവ. ഐടിഐയിലെ ഫിറ്റര്‍ ട്രേഡിലെ അദ്ധ്യാപകനായ രാധാകൃഷ്ണന്‍ പി.കെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള ബ്ലെന്‍ഡഡ് ലേണിംഗ് രീതിയില്‍ പരിശീലനം നല്‍കി ശ്രദ്ധ നേടിയിട്ടുള്ള അദ്ധ്യാപകരിലൊരാളാണ്. ലോക്ക് ഡൌണ്‍ കാലത്ത് ഇദ്ദേഹത്തിന്റെ നൂതന പരിശീലന രീതി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായിരുന്നു. കൂടാതെ അഖിലേന്ത്യാ തലത്തില്‍ ഫിറ്റര്‍ ട്രേഡിലേക്കുള്ള എന്‍.സി.വി.ഇ.ടി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സമിതിയിലെ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഐടിഐ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുകയും പ്രളയകാലത്ത് വാസയോഗ്യമല്ലാതായ വീടുകള്‍ വാസയോഗ്യമാക്കുന്നതിനായി വ്യാവസായിക പരിശീലനവകുപ്പ് ആവിഷ്‌കരിച്ച നൈപുണ്യ കര്‍മ്മസേനയുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. മലപ്പുറം എ ടവണ്ണപ്പാറ സ്വദേശിയാണ് രാധാകൃഷ്ണന്‍.
കൊയിലാണ്ടി ഗവ.ഐടിഐയിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ അദ്ധ്യാപകനായ മുഹമ്മദ് അക്ബര്‍ വൊക്കേഷണല്‍ ട്രെയിനിംഗിലെ മികവിന് 2022, 2023 വര്‍ഷങ്ങളില്‍ കേരള സര്‍ക്കാരിന്റെ അനുമോദനത്തിനു അര്‍ഹനായിട്ടുണ്ട്. വ്യാവസായിക പരിശീലന വകുപ്പിന്റെ ലേണിംഗ് മാനേജ്മെന്റ് പോര്‍ട്ടല്‍, ഐടിഐ അഡ്മിഷന്‍ കുറ്റമറ്റ രീതിയില്‍ നടത്തുന്ന ജാലകം പോര്‍ട്ടല്‍, ഓണ്‍ലൈനായി മോഡല്‍ പരീക്ഷകള്‍ എഴുതുന്നതിനു സഹായിക്കുന്ന മോക്ക് ടെസ്റ്റ് ആപ്ലിക്കേഷന്‍ എന്നിവയുടെ രൂപകല്‍പ്പനയില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയാണ് മുഹമ്മദ് അക്ബര്‍.