കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരേ ഏരീസ് കൊല്ലം സെയ്ലേഴ്സിന് എട്ടു വിക്കറ്റിന്റെ ജയം. ടോസ് നേടിയ കൊല്ലം ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം 16.4 ഓവറില്‍ ലക്ഷ്യം കണ്ടു. കൊല്ലത്തിന്റെ ഓപ്പണിംഗ് ബൗളര്‍മാരായ കെ.എം. ആസിഫും എന്‍.പി ബേസിലും ആദ്യ ഓവറുകളില്‍ തന്നെ കാലിക്കറ്റിന്റെ മികച്ച റണ്‍സ് എന്ന സ്വപ്നം തകര്‍ത്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പ്രകടനം അവസാന ഓവറുകളില്‍ കാലിക്കറ്റിനെ 104 റണ്‍സില്‍ ഒതുക്കി. കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനുവേണ്ടി രോഹന്‍ കുന്നുമ്മേലും കെ.എ അരുണുമാണ് ഓപ്പണിംഗിനിറങ്ങിയത്. ആദ്യ ഓവര്‍ എറിഞ്ഞ കെ.എം. ആസിഫ് രണ്ടു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഗ്ലോബ്സ്റ്റാറിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ ഓപ്പണര്‍ കെ.എ അരുണ്‍ 37 പന്തില്‍നിന്നും 38 റണ്‍സ് നേടി. കൊല്ലത്തിനു വേണ്ടി നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് കെ.എം. ആസിഫ് മൂന്നു വിക്കറ്റും നാല് ഓവറില്‍ 10 റണ്‍സ് വിട്ടു നല്കി എന്‍.പി. ബേസിലും രണ്ട് ഓവറില്‍ ഒന്‍പത് റണ്‍സ് വിട്ടു നല്‍കി സച്ചിന്‍ ബേബി രണ്ടു വിക്കറ്റും സ്വന്തമാക്കി. ഏരീസ് കൊല്ലത്തിന് വേണ്ടി എന്‍. അഭിഷേക് മുന്നില്‍നിന്നു പോരാട്ടം നയിച്ചു. 47 പന്തില്‍ 61 റണ്‍സുമായി അഭിഷേക് പുറത്താകാതെ നിന്നു. അഭിഷേകാണ് മാന്‍ ഓഫ് ദി മാച്ച്.
Content Highlights; Kerala Cricket Leauge Organized by Kerala Cricket Association