കൽപറ്റ: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു. ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചു. നല്ല രീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ എഡിജിപി അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നുവെന്ന് ഇ.ജെ. ബാബു പറഞ്ഞു.
ദുരന്തമുണ്ടായപ്പോൾ മന്ത്രി കെ.രാജൻ സ്ഥലത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന് പോലും ആക്ഷേപമില്ലാത്ത വിധത്തിൽ ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിന് മന്ത്രിമാർ നേതൃത്വം നൽകി. ഒരുദിവസം കെ. രാജൻ അവിടെ നിന്നും മാറിയതോടെയാണ് വിവാദമുണ്ടായത്. സന്നദ്ധപ്രവർത്തകർ വിതരണംചെയ്യുന്ന ഭക്ഷണം എ.ഡി.ജി.പി. ഇടപെട്ട് നൽകേണ്ടതില്ലെന്ന് പറഞ്ഞു. ജനങ്ങളെ സര്ക്കാരിനെതിരെ തിരിക്കാനുള്ള ഗൂഢലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പരിഹരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗിന് കീഴിലെ വൈറ്റ് ഗാർഡ് മേപ്പാടി കള്ളാടിയിൽ ഒരുക്കിയ ഊട്ടുപുര പൊലീസ് നിർത്തിവെപ്പിച്ചത് വലിയ വിവാദമായിരുന്നു. ഭക്ഷണ വിതരണം നിർത്തിയതോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കടക്കം ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. രക്ഷാപ്രവർത്തകരും യൂത്ത് ലീഗ്, കോൺഗ്രസ് നേതാക്കളും രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും സോഷ്യൽമീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുരയാണ് പൂട്ടിച്ചത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമായിരുന്നു ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാർഡ് അറിയിച്ചിരുന്നു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞിരുന്നു.
എന്നാൽ, ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പുറമേ നിന്നുള്ളവരുടെ അനധികൃതപണപ്പിരിവ് ഒഴിവാക്കാനുമാണ് വിലക്കെന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിശദീകരണം.