ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ പലതരം ശിക്ഷകളും നടപടിക്രമങ്ങളും പ്രാചീനകാലത്ത് കേരളത്തിൽ നടപ്പിലുണ്ടായിരുന്നു. ജാതിവ്യവസ്ഥയിലൂടെ വളർന്നു വന്ന പ്രാകൃതമായ അനുഷ്ടാനങ്ങളിലും നീചത്വത്തിലും അധിഷ്ഠിതമായ ഈ ശിക്ഷാവിധികൾ അലിഖിതമായ പ്രമാണങ്ങളുമായിരുന്നു. ഇവയിൽ മിക്ക ശിക്ഷാനടപടിക്രമങ്ങളും സമത്വം പോലുള്ള അവകാശങ്ങളിൽ അധിഷ്ഠിതമായിരുന്നില്ല. മാത്രവുമല്ല ഇവയ്ക്ക് പിന്നിൽ ശക്തമായ അന്ധവിശ്വാസങ്ങളുടെ സ്വാധീനം കൂടെ ഉണ്ടായിരുന്നു. ജാതിവ്യവസ്ഥയിൽ കേന്ദ്രികൃതമായിരുന്നതിനാൽ ശിക്ഷയും ജാതി അനുസരിച്ചായിരുന്നു. ഒരു നാളികേരം കട്ടാൽപ്പോലും കീഴ് ജാതിക്കാർക്ക് വധശിക്ഷ ആയിരുന്നു നൽകിയിരുന്നത്. എന്നാൽ സമാനമായ കുറ്റം ബ്രാഹ്മണനോ ക്ഷത്രിയനോ ചെയ്‌താൽ ശിക്ഷ നിസാരമായിരുന്നു. കൂടി വന്നാൽ ജാതി ഭ്രഷ്ട് ലഭിക്കും. അതായിരുന്നു അവർക്കുള്ള പരമാവധി ശിക്ഷ. ക്രിസ്തവർക്കും മുസ്ലിങ്ങൾക്കും മതസിദ്ധമായ ശിക്ഷകളും ഉണ്ടായിരുന്നു.
അക്കാലത്ത് പ്രധാനമായും കുറ്റം തെളിയിക്കാനുള്ള മാർഗ്ഗം 4 തരമായിരുന്നു. കഠിന പരീക്ഷകൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. ജലപരീക്ഷ,അഗ്നിപരീക്ഷ, വിഷപരീക്ഷ, തുലാപരീക്ഷ എന്നിവയാണവ. ഇതിൽ ജലപരീക്ഷയുടെ നടപടിക്രമം കുറ്റവാളി എന്ന സംശയിക്കുന്ന ആളെ ഒരു വലിയ കല്ലോടുകൂടി ചാക്കിലാക്കി കെട്ടി വലിയ കുളത്തിൽ നിക്ഷേപിക്കും. ആ ചാക്ക് ജലത്തിൽ താഴ്ന്നുപോകുന്ന പക്ഷം പ്രതി അപരാധി ആയിരിക്കും അല്ലെങ്കിൽ നിരപരാധി. അഗ്നിപരീക്ഷ നടപടിപ്രകാരം പ്രതിയെ തീയിൽ പഴുപ്പിച്ച ഒരു ഇരുമ്പ് പലകയിൽ ഇരുത്തുകയോ കൈവിരലുകൾ അവയെ സ്പർശിപ്പിക്കുകയോ ചെയ്യും. സ്പർശിച്ച ഭാഗം പൊള്ളുകയാണെങ്കിൽ കുറ്റവാളി അല്ലെങ്കിൽ കുറ്റാരോപണം തെറ്റാണെന്ന് പ്രഖ്യാപിക്കും. ജലപരീക്ഷയ്ക്ക് സമാനമായ പരീക്ഷയാണ് തുലാപരീക്ഷ. വലിയ ഒരു ത്രാസിന്റെ ഭഗത് കുറ്റവാളിയെ ഇരുത്തി മറുഭാഗത്ത് ഭീമാകാരമായ ഒരു കല്ലുവെയ്ക്കും. കല്ലിരിക്കുന്ന വശം താഴ്ന്നാൽ പ്രതിയെ കുറ്റവാളി എന്ന് കണക്കാക്കും അല്ലെങ്കിൽ നിർദോഷി. ഇതിൽ നിന്നെല്ലാം വിചിത്രമാണ് വിഷപരീക്ഷ. ഇതുപ്രകാരം കുറ്റാരോപിതന്റെ ഭക്ഷണത്തിൽ നിന്നും കുറച്ചെടുത്ത് കഠിന വിഷത്തിൽ ചാലിച്ച് അവ ഒരാടിന്റെ വലത്തേ കാൽ തുടയിൽ മുറിവുണ്ടാക്കി അതിൽ വെച്ച് കെട്ടുന്നു. വിഷബാധയേറ്റ് ആട് ചത്താൽ പ്രതി അപരാധി ഇല്ലെങ്കിൽ നിരപരാധി. ഇങ്ങനെപോകുന്നു സംഘകാലത്തിന് ശേഷമുള്ള കേരളത്തിലെ കുറ്റം തെളിയിക്കൽ രീതി.
നീതിന്യായം നിർവഹിക്കുന്നതിൽ കേരളീയ രാജാക്കന്മാർ തികഞ്ഞ നിഷ്കർഷത പാലിക്കുന്നു. മോഷണം പോലുള്ള കുറ്റങ്ങൾക്ക് അക്കാലത്ത് വധശിക്ഷ നൽകിയിരുന്നു. ശിക്ഷാനടപ്പാക്കൽ തല വെട്ടികൊണ്ടായിരുന്നു. കീഴ്ജാതിയിൽപ്പെട്ട ഒരാൾ കുറ്റം ചെയ്തിട്ട് കുറ്റം സമ്മതിച്ചാലും വധശിക്ഷ തന്നെ നൽകും. മാത്രമല്ല കൊള്ളമുതൽ ശിക്ഷ നടപ്പാക്കുന്നവർക്ക് സ്വന്തം.
കുരിശുമരണം, എലികളെ കൊണ്ട് നെഞ്ച് തുളക്കുന്ന രീതി, തോലുരിക്കുക, തിളച്ച വെള്ളത്തിലോ എണ്ണയിലോ പുഴുങ്ങുന്ന രീതി, ജീവനോടെ തീയില്‍ ദഹിപ്പിക്കുക, ആനയെ കൊണ്ട് കൊല്ലുന്ന രീതി ഇങ്ങനെ പോകുന്നു വ്യത്യസ്തമായ ആ ശിക്ഷാരീതികൾ.