കൊളംബോ: അബുദാബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ പക്ഷി ഇടിച്ചതിന് പിന്നാലെ കൊളംബോയിൽ തിരിച്ചിറക്കി. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയായിരുന്നു പക്ഷിയിടിച്ചത്. പിന്നീട് പരിശോധനകൾ പൂർത്തിയാക്കി അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം യാത്ര തുറന്നത്.
കൊളംബോയിലെ ബണ്ടാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഇത്തിഹാദിന്റെ ഇ.വൈ 395 വിമാനത്തിലാണ് പക്ഷിയിടിച്ചത്. രാവിലെ 7.45നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി.
പിന്നീട് വിശദമായ പരിശോധന നടത്തിയ ശേഷമാണ് അഞ്ച് മണിക്കൂറോളം വൈകി വിമാനം പുറപ്പെട്ടത്. എല്ലാ യാത്രക്കാരെയും അബുദാബിയിൽ എത്തിച്ചതായി ഇത്തിഹാദ് വക്താവ് അറിയിച്ചു.
യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളിൽ ഖേദിക്കുന്നുവെന്നും വിമാനക്കമ്പനിയുടെ ജീവനക്കാർ അവർക്ക് ആവശ്യമായ സഹായം ഉറപ്പുവരുത്തിയെന്നും ഇത്തിഹാദ് വക്താവ് പറഞ്ഞു. യാത്രക്കാർക്ക് തങ്ങളുടെ പ്രാദേശിക ഫോൺ നമ്പറുകളിൽ നിന്നോ, ലൈവ് ചാറ്റ് വഴിയോ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴിയോ കമ്പനിയെ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരം ഒരുക്കിയിരുന്നെന്നും ഇത്തിഹാദ് അറിയിച്ചു.